KeralaNEWS

കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെത്തുടർന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവം: ചോദ്യങ്ങളോട് പ്രതികരിക്കാതെ ആരോ​ഗ്യമന്ത്രി

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവത്തിൽ പ്രതികരിക്കാതെ ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി. ആവർത്തിച്ച് ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നായിരുന്നു ആരോ​ഗ്യമന്ത്രിയുടെ മറുപടി.

Signature-ad

കാസർകോട് ജനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കാത്തതിനാൽ രോഗികളുടെ ദുരിതം തുടരുകയാണ്. ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല.

ഓപ്പറേഷൻ തീയറ്റർ, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയിൽ റാമ്പ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിൻറെ അനാസ്ഥ മൂലമാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിൻറെ അറ്റകുറ്റപ്പണികൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും. ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികൾ കയറി ഇറങ്ങണം.

Back to top button
error: