‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തു,’ വ്യാപകമായ മതപരിവര്‍ത്തനം പ്രമേയമാക്കിയ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ മേയ് 5ന് തിയേറ്ററുകളിലെത്തും
വിവാദചിത്രം ‘ദ കേരള സ്റ്റോറി’ മേയ് 5ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ് ചിത്രത്തിലെ ഇതിവൃത്തം. ഇതുവരെ ഇങ്ങനെ കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സിനിമയിലൂടെ പറയുന്നത്. ‘ദ കേരള സ്റ്റോറി’യുടെ ടീസർ നവംബറിലാണ് റിലീസ് ചെയ്തത്. ടീസറും ഏറെ വിവാദമായിരുന്നു. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ആദാ ശര്‍മയാണ് നായികാവേഷത്തിൽ എത്തുന്നത്.
‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. താന്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്, ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ് എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിപുല്‍ അമൃത് ലാൽ ആണ്.
ഇതിനിടെ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശൻ ആരോപിച്ചു.
സതീശന്റെ ഫെയ്സ്ബുക് പോസ്റ്റ്:
‘കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. മറിച്ച്, ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലുണ്ട്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.
മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേരു വെട്ടണം. മാനവികത എന്ന വാക്കിന്റെ അർഥം സംഘപരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.’
മതസ്പര്‍ധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നും വി.എസ് അച്ചുതാനന്ദൻ13 വർഷം മുൻപ് നടത്തിയ പ്രസ്താവനയെയാണ് സിനിമ അടിസ്ഥാനമാക്കുന്നതെന്നും ആ നിലപാടിൽ സി.പി.എം ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും ചോദിച്ചു.
പി.എം.എ സലാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010ല്‍ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാന്‍ പോകുന്ന സംഘ്പരിവാര്‍ അനുകൂല സിനിമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തില്‍ ആ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്. 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് സിനിമയില്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാര്‍ പ്രൊപ്പഗണ്ടയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദന്‍ ചെയ്തത്. ലൗ ജിഹാദ് സമര്‍ത്ഥിക്കാന്‍ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ 33,000 പെണ്‍കുട്ടികളെ കേരളത്തില്‍നിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയര്‍ത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാവണം. മതസ്പര്‍ധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുത്.‘