കോട്ടയം: ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 5, 6, 7, 8 തീയതികളിൽ ആചരിക്കും. നാളെ വൈകുന്നേരം അഞ്ചിന് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയ മാർ സേവേറിയോസ് പെരുന്നാളിന് കൊടിയേറ്റും. എറികാട്, പുതുപ്പളളി എന്നീ കരകളിൽ നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്.
30-ന് ഉച്ചകഴിഞ്ഞ് 2 -ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഈ വർഷത്തെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി പള്ളി ഇടവകാംഗവുമായ ഉമ്മൻചാണ്ടിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നൽകി ആദരിക്കും. സമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക-സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സഭാ സാരഥികൾ, സാംസ്കാരിക നായകൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പുതുപ്പള്ളി കൺവൻഷൻ മെയ് 1, 2, 3, 4, 5 തീയതികളിൽ വൈകുന്നേരം 6 മുതൽ നടക്കും. മെയ് 6 നാണ് തീർത്ഥാടന സംഗമം.
വൈകുന്നേരം 6ന് കൊച്ചാലുംമൂട്, പാറയ്ക്കൽ കടവ്, വെട്ടത്തുകവല, കാഞ്ഞിരത്തിൻ മൂട് , കൈതമറ്റം, കൊച്ചക്കാല തുടങ്ങിയ സ്ഥലങ്ങളിലെ കുരിശടികളിൽ നിന്നും പള്ളിയിലേയ്ക്ക് പ്രദക്ഷിണവും വി. ഗീവർഗീസ് സഹദാ അനുസ്മരണവും നടക്കും. മെയ് 7ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്കുശേഷം പൊന്നിൻ കുരിശ് ദർശനത്തിന് പ്രധാന ത്രോണോസിൽ പരിശുദ്ധ കാതോലിക്കാ ബാവാ സ്ഥാപിക്കും. 2 മണിക്കാണ് വിറകിടിൽ ചടങ്ങ്. 4 മണിക്ക് പന്തിരുനാഴി ആഘോഷപൂർവ്വം പുറത്തെടുക്കും. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ പെരുന്നാൾ സന്ധ്യാനമസ്കാരം 6.30 ന് നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, പൊന്നിൻ കുരിശും അകമ്പടിയായി 101 വെള്ളി കുരിശും, ആയിരക്കണക്കിന് മുത്തുക്കുടകളും പ്രദക്ഷിണത്തിൽ ഉണ്ടാകും. രാത്രിയിൽ ആകാശ വിസ്മയ കാഴ്ചയും അഖണ്ഡ പ്രാർത്ഥനയും.
വലിയപെരുന്നാൾ ദിനമായ മെയ് 8ന് വെളുപ്പിന് 3 മണിക്കാണ് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ കർമ്മം രാവിലെ 8 ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ. ഒമ്പതിന്മേൽ കുർബാന തുടർന്നാണ് വെച്ചൂട്ട് നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചയ്ക്കുശേഷം 2 മണിക്ക് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി അനേകം വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം 4 മണിക്ക് അപ്പവും, പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെങ്കിലും മെയ് 23-ാം തീയതി കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.
കൊടിമരമിടീൽ, വിറകിടിൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചൂട്ട്, കോഴിനേർച്ച, പ്രദക്ഷിണം അങ്ങനെ ഭാരതീയവും തദ്ദേശീയവുമായ ചില പരമ്പരാഗതമായ ആചാരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ പ്രത്യേകതയാണ്.പത്രസമ്മേളനത്തിൽ വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, സഹവികാരിഫാ. കുര്യാക്കോസ് ഈപ്പൻ, ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ, സെക്രട്ടറി റോണി സി വർഗീസ്, മൗനം തോമസ് എന്നിവർ പങ്കെടുത്തു.