ബംഗളൂരു:തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം രൂപ കോഴ വാഗ്ദാനംചെയ്ത് കർണാടകയിലെ ബി.ജെ.പി മന്ത്രി.
ചാമരാജ് നഗര്‍ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാര്‍ഥിയായ ആലൂരു മല്ലികാര്‍ജുന സ്വാമിക്കാണ് മന്ത്രി വി. സോമണ്ണ പണം വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടത്.ഇതിന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പത്രിക പിന്‍വലിച്ച് തന്നെ പിന്തുണക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ‘നീ എന്റെ പഴയ സുഹൃത്താണ്. നിങ്ങള്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കണം. ബാക്കി പിന്നെ സംസാരിക്കാം. ഭാവിയില്‍ നിങ്ങളുടെ കാര്യം ഞാന്‍ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാന്‍ ഈ ഉറപ്പ് നല്‍കുന്നത്’ -ശബ്ദസന്ദേശത്തില്‍ സോമണ്ണ പറയുന്നു. ബി.ജെ.പി അധികാരത്തില്‍ വരുമെന്നും 50 ലക്ഷം രൂപയ്ക്ക് പുറമേ ഔദ്യോഗിക കാറടക്കം ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്നും സോമണ്ണ പറയുന്നുണ്ട്.
പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ 24നാണ് സംഭാഷണം നടന്നത്.
ബംഗളൂരു ഗോവിന്ദരാജ നഗറിലെ സിറ്റിങ് എം.എല്‍.എയായ മന്ത്രി വി. സോമണ്ണക്ക് ഇത്തവണ ഇരട്ട സീറ്റ് നല്‍കിയ ബി.ജെ.പി ചാമരാജ് നഗറിനു പുറമെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യക്കെതിരെ വരുണയിലും മത്സരിപ്പിക്കുന്നുണ്ട്.2018ലെ തെരഞ്ഞെടുപ്പില്‍ ചാമരാജ് നഗറില്‍ 4913 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് ബി.ജെ.പി തോറ്റത്.