രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി എന്ന ശീലം മനുഷ്യന്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ കൂടുതൽ ക്ഷണിച്ചുവരുത്തുക മാത്രമേ ചെയ്യൂ എന്നതാണ് യാഥാർത്ഥ്യം.
രാവിലത്തെ ചായയ്ക്കും കാപ്പിക്കും പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതും ഐസ് ചേര്‍ത്ത് തണുപ്പിച്ചതല്ല, ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്തത്. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം.
ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്.
ശ്വാസകോശത്തിലെ വിഷാംശത്തെ പതുക്കെ പുറന്തള്ളാനും ദിവസേനയുള്ള ചൂട് നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം വഴി സാധിക്കും.അതിനാൽ പുകവലി ശീലമുള്ളവർ അത് നിർത്തുന്നതോടൊപ്പം ദിവസവും ചൂട് നാരങ്ങാ വെള്ളവും ശീലമാക്കുക.
ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങി ക്യാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും.
ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു.വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ.കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.അതിനാൽത്തന്നെ രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഒട്ടനവധിയാണ്.