KeralaNEWS

ബന്ധുക്കളായ 15 ഉം 16 ഉം വയസുള്ള 2 പെണ്‍കുട്ടികൾ കാസർകോട് നിന്ന് മുങ്ങി, ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട 2 യുവാക്കളോടൊപ്പം ഇരുവരേയും കോഴിക്കോട് ആര്‍പിഎഫ് പിടികൂടി

   കാസർകോട് ജില്ലയിലെ ചന്തേരയിൽ നിന്നും കാണാതായ 15 ഉം 16 ഉം വയസുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട രണ്ട് യുവാക്കളോടൊപ്പം ഇരുവരും ആര്‍പിഎഫിന്റെ പിടിയിലാകുകയായിരുന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും രണ്ട് വിദ്യാര്‍ഥിനികളെയാണ് ചൊവ്വാഴ്ച സന്ധ്യ മുതൽ കാണാതായത്.

ബന്ധുക്കളായ ഇരുവരും ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് താമസിച്ച് പഠിക്കുന്നത്. ബന്ധുവായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് ഇരുവരും വൈകീട്ട് കോയമ്പത്തൂര്‍ എക്സ്പ്രസില്‍ പോവാനായി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയത്. എന്നാല്‍ ഇരുവരും കുമ്പളയില്‍ പോവാതെ പയ്യന്നൂരിലേക്ക് ബസില്‍ പോയി അവിടെ നിന്നും രാത്രിയിലെ മലബാര്‍ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കുന്നമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിൽപ്പുണ്ടായിരുന്നു. അര്‍ധരാത്രിയോടെ ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍, കാത്തുനിന്ന യുവാക്കള്‍ക്കൊപ്പം സ്ഥലം വിടാനുള്ള ഒരുക്കത്തിനിടെ ഇവര്‍ റെയില്‍വേ സംരക്ഷണ സേനയുടെ  പിടിയിലാവുകയായിരുന്നു. അതിനിടെ, സന്ധ്യ കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ കുമ്പളയില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞ ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.

  കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. ഇരുവരെയും ചന്തേരയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Back to top button
error: