KeralaNEWS

ഗള്‍ഫ് വ്യാപാരി ഗഫൂര്‍ഹാജിയുടെ  മരണം കൊലപാതകമോ…? മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നു; 612 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതിൽ മന്ത്രവാദിനിയെ പൊലീസ് ചോദ്യം ചെയ്തു; ആരോപണ വിധേയ മുമ്പ് പല കേസിലും പ്രതി

   കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് ഗള്‍ഫ് വ്യാപാരി എം സി ഗഫൂര്‍ ഹാജി (53) യുടെ അസ്വഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. മരണത്തിന് മുമ്പ് വീട്ടിൽ നിന്നും 612 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ത്രവാദിനിയെ പൊലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞ 13നു വൈകിട്ട് 5.30നും 14നു പുലർച്ചെ 5 മണിക്കിടയിൽ  ഗഫൂര്‍ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു അസ്വാഭാവിക മരണത്തിനു കേസെടുത്തത്.

Signature-ad

ഇതിനിടെ മന്ത്രവാദിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വ്യാപാരി തനിക്ക് പണം നൽകാനുണ്ട് എന്നു മന്ത്രവാദിനി പറഞ്ഞതായാണ് അറിയുന്നത്. ഈ യുവതിക്ക് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതിനിടയിൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ മന്ത്രവാദിനിയുടെ വെല്ലുവിളി ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. യുവതി മുമ്പ് ബ്ലാക് മെയിൽ കേസിലെ പ്രതിയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ മരിച്ച ഗൾഫ് വ്യാപാരിയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി സികെ സുനിൽകുമാറിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റുമോർട്ടം നടത്തിയാൽ  മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെയാണ് പ്രവാസി വ്യാപാരി ഗഫൂർ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാൽ  ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്ന്  സ്വാഭാവിക  മരണമെന്ന നിലയിലാണു  മൃതദേഹം കബറടിക്കയത്. ഇതിനു ശേഷമാണ് വീട്ടിലുണ്ടായിരുന്ന  612 പവൻ സ്വർണം നഷ്ടപ്പെട്ടതായി ബന്ധുക്കൾക്ക് വ്യക്തമായത്. അതോടെയാണ് മരണത്തിൽ സംശയം ഉയർന്നതും മകൻ പരാതിയുമായി പൊലീസിനെ സമീപിച്ചതും.

 ഷാര്‍ജയിൽ നാലിലധികം സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമയാണ് എംസി ഗഫൂര്‍ ഹാജി. മരണത്തിന് തലേ ദിവസം ഉച്ചയോടെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വിട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഗഫൂര്‍ ഹാജി തനിച്ചായിരുന്നു. വൈകീട്ട് നോമ്പുതുറയ്ക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ ആളനക്കം കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വഭാവികത കാണാത്തതിനാല്‍ മൃതദേഹം ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പരാതി ഉയർന്നത്. ഗഫൂർ ഹാജിക്ക് സാമ്പത്തികമായി മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിനയാന്വിതനും സല്‍സ്വഭാവിയുമായ ഗഫൂറിനെ നിധി ഉണ്ടെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദിനിയുടെ നേതൃത്വലുള്ള സംഘം കബളിപ്പിച്ചതായുള്ള സംസാരങ്ങളും കേൾക്കുന്നുണ്ട്.

ഗഫൂര്‍ മരണപ്പെട്ട ദിവസം വീട്ടിലെത്തിയ മന്ത്രവാദിനി ഗഫൂറിന് ഒന്നരക്കോടി രൂപയുടെ കടമുണ്ടെന്ന് ചില ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ. ഇതാണ് ബന്ധുക്കളില്‍ ഇവരോടുള്ള സംശയം ജനിപ്പിച്ചത്. നേരത്തെ നിരവധി പരാതികളുളള ഈ യുവതിക്ക് ഗഫൂറുമായും കുടുംബവുമായി ഏറെ കാലമായി ബന്ധമുണ്ടായിരുന്നു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗള്‍ഫ് വ്യാപാരിയെ നിധിയുടെ പേരില്‍ പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നതുൾപ്പെടെ യുവതിക്കെതിരെ നേരത്തെയും പല പരാതികളും ഉയര്‍ന്നിരുന്നു.

 ഈ 612 പവന്‍ സ്വര്‍ണം ഗഫൂര്‍ ആര്‍ക്ക്, എന്തിന് നല്‍കി എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തനിക്ക് ഉദുമ മുതൽ കണ്ണൂർ വരെ പലരുമായും നല്ല ബന്ധം ഉണ്ടെന്നും മരണപ്പെട്ട വ്യാപാരിയുമായും കുടുംബവുമായും നല്ല ബന്ധമായിരുന്നു എന്നും ഇതിന് പല തെളിവുകളും തൻ്റെ പക്കൽ ഉണ്ടെന്നും മന്ത്രവാദിനിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ പെരുന്നാളിന് കുട്ടികൾക്ക് പോലും വസ്ത്രം എടുക്കാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ തെളിവുകൾ പുറത്ത് വിടുമെന്നും ശബ്ദസന്ദേശത്തിൽ യുവതി പറയുന്നു.

Back to top button
error: