ഇന്ത്യൻ പൗരന്റെ രണ്ട് സുപ്രധാന രേഖകളാണ് പാൻ കാർഡും ആധാർകാർഡും. ഒരു പൗരന് സർക്കാർ സേവനങ്ങൾ ലഭ്യമാകണമെങ്കിലും, സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും, ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിനുമെല്ലാം ഇന്ന് ആധാറും പാൻ കാർഡും അത്യാവശ്യമാണ്. മാത്രമല്ല ഒരു ഇന്ത്യൻ പൗരന്റ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. അതുകൊണ്ടുതന്നെ ഇത്തരംപ്രധാന രേഖകൾ സൂക്ഷിച്ചുവെക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റലൈസേഷൻ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നതിനാൽ, ഓൺലൈൻ തട്ടിപ്പുകളും ഇന്ന് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.. അടുത്തിടെ, എംഎസ് ധോണി, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത് തുടങ്ങിയ സെലിബ്രിറ്റികളുടെ പാൻകാർഡ് ദുരുപയോഗം ചെയ്തതായുള്ള വാർത്തകൾ വന്നിരുന്നു. മിക്ക സ്ഥലങ്ങളിലും ആധാർ പാൻ രേഖകൾ ആവശ്യപ്പെടുന്നതിനാൽ പൊതുജനങ്ങളും ആശങ്കയിലാണ്. എന്തായാലും ആധാർ പാൻ നിർബന്ധമുള്ള സേവനങ്ങൾക്ക് അവ നൽകേണ്ടിവരും. അതുകൊണ്ടുതന്നെ തട്ടിപ്പുകാരിൽ നിന്നും നിങ്ങളുടെ പാനും ആധാറും എങ്ങനെ സുരക്ഷിതമാക്കാമെന്നത് നോക്കാം.
പാൻ, ആധാർ ദുരുപയോഗം എങ്ങനെ ഒഴിവാക്കാം?
1) നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ, കഴിയുന്നതും, പാൻ, ആധാർ എന്നിവ നൽകുന്നത് ഒഴിവാക്കുക. പകരം, സാധ്യമാകുന്നിടത്തെല്ലാം, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പോലുള്ള മറ്റ് ഐഡി വിശദാംശങ്ങൾ നൽകുക. പൊതുവെ ഇവ അപകടസാധ്യത കുറവുള്ള രേഖകളാണ്. എന്നാൽ ആധാർ പാൻ നിർബന്ധമുള്ള സേവനങ്ങൾക്ക് അവ നൽകേണ്ടിവരും.
2) നിങ്ങളുടെ പാൻ, ആധാർ വിശദാംശങ്ങൾ ആധികാരികതയുളള ആളുകളുമായോ കമ്പനികളുമായോ മാത്രം പങ്കിടുക.ഇത്തരം രേഖകൾ നൽകുമ്പോൾ ഫോട്ടോകോപ്പികളിൽ തിയ്യതി എഴുതി ഒപ്പിടുകയും ചെയ്യുക
3) സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഓൺലൈൻ പോർട്ടലുകളിൽ നിങ്ങളുടെ മുഴുവൻ പേരും ജനനത്തീയതിയും നൽകുന്നത് ഒഴിവാക്കുക. നിങ്ങളുടെ പാൻ ട്രാക്ക് ചെയ്യാൻ ഇവ ഉപയോഗിക്കാൻ സാധ്യതയുണ്ട്.
4)സർക്കാർ ഉത്തരവില്ലെങ്കിൽ ആധാർ കാർഡും ബാങ്ക് അക്കൗണ്ടുകളും ഡി-ലിങ്ക് ചെയ്യുക
നിങ്ങളുടെ സമ്മതമില്ലാതെ ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്തിട്ടുണ്ടോ എന്നും ലോൺ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കുക. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക
6) നിങ്ങളുടെ ഫോണിന്റെ ഗ്യാലറിയിൽ പാനും ആധാറും സൂക്ഷിക്കുന്നത് ഒഴിവാക്കുക, കാരണം നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ അവ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും.