മുംബൈ: വൻ സ്കോർ പിറന്ന മത്സരത്തിൽ ഇന്നലെ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടിരുന്നു. പഞ്ചാബിന്റെ കൂറ്റൻ സ്കോറിലേക്ക് മുംബൈ കുതിച്ചെങ്കിലും അവസാന ഓവറുകളിലെ അർഷ്ദീപ് സിംഗിന്റെ മാസ്മരിക ബൗളിംഗ് ആണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ സാം കുറൻ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ തുടങ്ങിയവരുടെയും വെടിക്കെട്ടുകൾ ആരാധകരിൽ ആവേശം നിറച്ചു.
ഇതിനിടെ ടിം ഡേവിഡ് പറത്തിയ ഒരു സിക്സർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിട്ടുണ്ട്. സിക്സ് കണ്ടിട്ട് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമയായ നിത അംബാനിയുടെ ക്യാപ്റ്റൻ രോഹിത് ശർമയും അടക്കമുള്ളവർ ഞെട്ടുന്നതാണ് വീഡിയോയിലുള്ളത്. 114 മീറ്റർ ദൂരെയാണ് ടിം ഡേവിഡിന്റെ സിക്സർ പോയി വീണത്. 115 മീറ്റർ സിക്സ് പായിച്ച ഫാഫ് ഡൂപ്ലസി മാത്രമേ ഇക്കാര്യത്തിൽ ടിം ഡേവിഡിന്റെ മുന്നിലുള്ളൂ. അതേസമയം, മത്സരത്തിൽ അർഷ്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഐപിഎൽ അധികൃതർക്കും ചെറിയ നഷ്ടം ഒന്നുമല്ല ഉണ്ടായത്.
— Surya Sharma (@SuryaSh54265109) April 22, 2023
സ്റ്റംപ് മൈക്കും ക്യാമറയും എല്ലാം അടങ്ങിയ മിഡിൽ സ്റ്റംപ് അർഷ്ദീപ് രണ്ട് തവണ എറിഞ്ഞൊടിച്ചതിലൂടെ 48 ലക്ഷം രൂപയാണ് ഐപിഎൽ അധികൃതർക്ക് നഷ്ടമായത്. ഒരു സ്റ്റംപിൻറെ ഏകദേശ വില 24 ലക്ഷം രൂപയാണ് (48000 ന്യൂസിലൻഡ് ഡോളർ) ഇത് ജോഡിയായി മാത്രമെ ലഭിക്കു. ഇതിൽ ഒരെണ്ണം കേടുവന്നാൽ മറ്റേ സ്റ്റംപ് കൊണ്ട് ഉപയോഗമില്ലാതാവുമെന്ന് സ്റ്റേഡിയത്തിലെ ജീവനക്കാരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. മത്സരത്തിൽ 13 റൺസിനാണ് മുംബൈക്കെതിരെ പഞ്ചാബ് ജയിച്ചു കയറിയത്. അവസാന ഓവറിലെ രണ്ട് വിക്കറ്റ് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗ് ആയിരുന്നു കളിയിലെ താരം.