KeralaNEWS

ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസം; കാസർകോട് ജനറൽ ആശുപത്രിയിൽ രോ​ഗിയെ ചുമന്ന് താഴെയിറക്കി ചുമട്ട് തൊഴിലാളികൾ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകറാറിലായതിനെ തുടർന്ന് ആറാം നിലയിൽ നിന്ന് രോഗിയെ സ്ട്രെച്ചറിൽ ചുമന്ന് താഴെ ഇറക്കി. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല.

ഓട്ടോ ഡ്രൈവറായ രോഗിയെ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാൽ താഴെ എത്തിക്കാൻ മാർഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കൾ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികൾ ആറാം നിലയിൽ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു. ഡിസ്ചാർജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കൾ കാത്തു നിന്നിരുന്നു. ഒടുവിൽ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കൾ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്.

Signature-ad

ഓപ്പറേഷൻ തീയറ്റർ, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയിൽ റാമ്പ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിൻറെ അനാസ്ഥ മൂലമാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിൻറെ അറ്റകുറ്റപ്പണികൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികൾ കയറി ഇറങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: