മുംബൈ: ബോളിവുഡിന് എന്നും വലിയ ചിത്രങ്ങൾ സമ്മാനിച്ച സീസണാണ് ഈദ്. വലിയ ഹൈപ്പുമായി എത്തി വിജയം കൊയ്യുന്ന ചിത്രങ്ങൾ ബോളിവുഡ് പ്രേക്ഷകർക്കായി ഈദിന് എത്തിക്കാറുള്ളത് സൽമാൻ ഖാനാണ്. ഒരിടവേളയ്ക്കു ശേഷമാണ് മറ്റൊരു സൽമാൻ ഖാൻ ചിത്രം ഈദ് റിലീസ് ആയി തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന കിസീ കാ ഭായ് കിസീ കി ജാൻ ആണ് ആ ചിത്രം.
ലോകമെമ്പാടുമായി 5700 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയെ. ഒന്നുകിൽ വമ്പൻ ഹിറ്റ്, പരാജയപ്പെടുന്നപക്ഷം വൻ പരാജയം ഇങ്ങനെ രണ്ട് തരത്തിലാണ് ഇന്ന് സിനിമയുടെ ബോക്സ് ഓഫീസ് വിജയ പരാജയങ്ങൾ. എന്തായാലും പരാജയ വഴിയേ നീങ്ങില്ല കിസീ കാ ഭായ് കിസീ കി ജാൻ എന്നാണ് ആദ്യദിന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
‘കിസി കാ ഭായ് കിസി കി ജാൻ’ചില മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മെട്രോ നഗരങ്ങളിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നൽകുന്ന വിവരം. 14 കോടി രൂപയാണ് ചിത്രത്തിൻറെ ആദ്യദിനത്തിലെ അഖിലേന്ത്യ കളക്ഷൻ സംബന്ധിച്ച റിപ്പോർട്ട് വരുന്നത്. മഹാരാഷ്ട്ര-ഗുജറാത്ത് വിപണിയിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചാൽ ആദ്യദിന കളക്ഷൻ 15 കോടി രൂപ വരെ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്കാക്കുന്നത്. അതേ സമയം മണി കൺട്രോളിൻറെ റിപ്പോർട്ട് പ്രകാരം കിസീ കാ ഭായ് കിസീ കി ജാൻ ആദ്യദിനത്തിൽ 15.81 കോടി നേടിയെന്നാണ് വിവരം.
നിലവിൽ, യുപി, ബിഹാർ, രാജസ്ഥാൻ, നിസാം/ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളിൽ സൽമാൻ ചിത്രം മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിൽ മഹാരാഷ്ട്ര-ഗുജറാത്ത് വിപണിയിലെ പ്രകടനം സൽമാൻ ചിത്രത്തെ സംബന്ധിച്ച് നിർണ്ണായകമായിരിക്കും. അതേ സമയം കഴിഞ്ഞ ദിവസമാണ് ഈദ് നേരത്തെ പ്രതീക്ഷിച്ചതുപോലെ വെള്ളിയാഴ്ചയല്ല, ശനിയാഴ്ചയായിരിക്കുമെന്ന് വ്യക്തമായത്. ഇത് ആദ്യ ദിവസത്തെ കളക്ഷൻ പ്രതീക്ഷയായ 20 കോടിയെ ബാധിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കരുതുന്നത്. ഈദ് ശനിയാഴ്ചയായതിനാൽ രണ്ടാം ദിനത്തിൽ കിസീ കാ ഭായ് കിസീ കി ജാൻ മികച്ച കളക്ഷൻ നേടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.