Movie

സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ‘രാജവാഴ്ച’ റിലീസായിട്ട് ഇന്ന് 33 വർഷം

സിനിമ ഓർമ്മ

സുനിൽ കെ. ചെറിയാൻ

   ശശികുമാറിന്റെ ‘രാജവാഴ്ച’യ്ക്ക് 33 വർഷം പഴക്കമായി. 1990 ഏപ്രിൽ 20നാണ് സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ശിഥില കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഈ ചിത്രം റിലീസായത്. സംവിധായകന്റെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. പൂവച്ചൽ ഖാദർ ജോൺസൺ ടീമായിരുന്നു ഗാനങ്ങൾ.

അനിയൻ സായ്‌കുമാറിന്റെ ഉപരിവിദ്യാഭ്യാസത്തിന് തിലകൻ മുതലാളിയോട് പണം വായ്‌പ ചോദിച്ചിട്ട് ലഭിക്കാത്തതിൽ അദ്ധ്വാനിയായ ജ്യേഷ്ഠൻ സുരേഷ് ഗോപിക്ക് അമർഷമുണ്ട്. തിലകൻ മുതലാളിക്ക് കള്ളനോട്ട് ഇടപാടാണ്. കുടുംബസുഹൃത്ത് എം.ജി സോമൻ സഹായിച്ച് സായ്‌കുമാറിന് പണം കിട്ടി. സോമന്റെ മകൾ ചിത്രയും സായ്‌കുമാറും തമ്മിലുള്ള കല്യാണം കാർന്നോന്മാരാൽ പറഞ്ഞു വച്ചിരിക്കയാണ്.

അങ്ങനെയിരിക്കുമ്പോഴാണ് സായ്‌കുമാറിന് ഐ.പി.എസ് കിട്ടുന്നതും തിലകൻ മുതലാളിക്ക് മകളെ (രഞ്ജിനി) ഐപിഎസുകാരന് കെട്ടിച്ചു കൊടുക്കണമെന്നും തോന്നുന്നതും. അത് നടന്നു. പഠനത്തിനിടയിൽ അവൾ അച്ഛന്റെ കണ്ണ് വെട്ടിച്ച് സാമ്പത്തിക സഹായം ചെയ്തിരുന്നല്ലോ. സോമന്റെ മകൾ ചിത്രയെ സുരേഷ് ഗോപി കല്യാണം കഴിച്ചു. പിന്നെ ചേട്ടനും അനിയനും വഴക്ക്. മറ്റ് നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ സോമൻ ആ സത്യം വെളിപ്പെടുത്തുന്നു – സായ്‌കുമാർ-സുരേഷ് ഗോപിമാരുടെ അച്ഛനെ തിലകൻ മുതലാളി കൊന്നതാണ്. ഐപിഎസുകാരൻ മരുമകൻ പോലീസുകാരോട് പറഞ്ഞു: ‘ടെയ്ക്ക് ഹിം.’  ആഢ്യ തമ്പുരാൻ ഭരണം തീർന്നു എന്ന് സൂചന.

ജോൺസൺ സംഗീതം നിർവ്വഹിച്ച് യേശുദാസ് പാടാതിരുന്ന അപൂർവം ചിത്രങ്ങളിലൊന്നാണ് രാജവാഴ്‌ച. ‘വഞ്ചിപ്പാട്ടോളം തുള്ളും’ എന്ന സംഘഗാനം, ‘ഏതോ കൈകൾ മായ്ക്കുന്നു’എന്ന ശോകഗാനം, ‘മേലെ മേഘങ്ങൾ’ എന്ന പ്രണയഗാനവുമാണ് ചിത്രത്തിൽ  ഉണ്ടായിരുന്നത്.

Back to top button
error: