കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി കിട്ടാനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മമത ബാനർജി. താൻ അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ ഉടൻ തന്നെ രാജി വയ്ക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. സുവേന്ദു അധികാരി കള്ളം പറയുകയാണെന്നും മമത പറഞ്ഞു.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 200 സീറ്റ് കടക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം ശക്തമാകുമെന്നും അവർ വ്യക്തമാക്കി. മുകുൾ റോയ് വിഷയത്തിലും മമത പ്രതികരിച്ചു. മുകുൾ റോയ് ബി ജെ പിയുടെ എം എൽ എ ആണെന്നും അദ്ദേഹം ദില്ലിയിൽ പോകുന്നതിൽ തനിക്ക് എന്താണെന്നും മമത ചോദിച്ചു. ദില്ലിയിൽ പോകുന്നതൊക്കെ അദ്ദേഹത്തിൻറെ കാര്യമെന്നും പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി, മുകൾ റോയിയെ കാണാതായെന്ന പരാതി പൊലീസ് നോക്കിക്കോളുമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ തൃണമൂൽ കോൺഗ്രസിൻറെ ദേശീയ പാർട്ടി പദവി തെരഞ്ഞെുപ്പ് കമ്മീഷൻ എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുൻ തൃണമൂൽ നേതാവ് കൂടിയായ സുവേന്ദു അധികാരി മമതക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. തൃണമൂലിന് ദേശീയ പാർട്ടി പദവി ലഭിക്കാനായി മമത, അമിത് ഷായെ നേരിട്ട് വിളിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവിയിരുന്ന സുവേന്ദു 2021 ലെ തിരഞ്ഞെടുപ്പ് കാലത്താണ് ബി.ജെ.പിയിൽ ചേർന്നത്.