SportsTRENDING

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റം: വിരാട് കോലിക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ

ബെംഗലൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റത്തിൻറെ പേരിൽ ആർസിബി താരം വിരാട് കോലിക്ക് പിഴ ശിക്ഷ. മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ച കോലി ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ-1 കുറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുന്നതായി മാച്ച് റഫറി വ്യക്തമാക്കി.

എന്നാൽ വിരാട് കോലി ചെയ്ത കുറ്റമെന്താണെന്ന് പിഴ വിധിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ-ബാംഗ്ലൂർ പോരാട്ടിൽ ചെന്നൈ താരമായ ശിവം ദുബെ പുറത്തായപ്പോൾ പുറത്തെടുത്ത അമിതാവേശത്തിനാണ് പിഴയെന്നാണ് സൂചന. 27 പന്തിൽ 52 റൺസടിച്ച ദുബെ രണ്ട് ഫോറും അഞ്ച് സിക്സും പറത്തിയിരുന്നു. ശിവം ദുബെയും ഡെവോൺ കോൺവെയും തമ്മിലുള്ള 80 റൺസ് കൂട്ടുകെട്ടാണ് ചെന്നൈക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. പത്താം ഓവറിൽ സ്കോർ 90ൽ നിൽക്കെ ഒത്തു ചേർന്ന ഇരുവരും ചേർന്ന് ആറോവറിലാണ് 80 റൺസടിച്ചുകൂട്ടിയത്.

Signature-ad

കോൺവെ 45 പന്തിൽ 83 റൺസെടുത്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു വെയ്ൻ പാർണലിൻറെ പന്തിൽ ശിവം ദുബെയെ മുഹമ്മദ് സിറാജ് ബൗണ്ടറിയിൽ പിടി കൂടിയത്. ഈ സമയം ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോലി സിറാജ് ക്യാച്ച് പൂർത്തിയാക്കിയതിന് പിന്നാലെ ആവേശത്തിൽ കാണികളെ നോക്കി മുഷ്ടിചുരുട്ടി ആവേശം കാണിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസടിച്ചപ്പോൾ ആർസിബിക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 218 റൺസെടുക്കാനെ കഴിഞ്ഞുള്ളു. വിരാട് കോലി നാലു പന്തിൽ ആറ് റൺസെടുത്ത് പുറത്തായി.

Back to top button
error: