ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച മൂന്ന് ജീവനക്കാർ പിടിയിൽ. മോഷ്ടിച്ച സാധനങ്ങളുമായി വിമാനത്താവളത്തിന് പുറത്തു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്. ജോലിക്ക് ശേഷം പുറത്തു പോകുമ്പോൾ ജീവനക്കാർ പരിശോധനാ ഉപകരണത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ അസ്വഭാവികത കണ്ടതോടെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
ലോഹ നിർമിതമായ ചില വസ്‍തുക്കളും കറൻസിയും കണ്ടതോടെയാണ് പരിശോധനാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. വിശദമായി പരിശോധിച്ചപ്പോൾ ഒരു മോതിരവും സ്വർണ നെക്ലേസും പണവും ഒരാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. ഇയാൾ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു. താനും രണ്ട് സഹപ്രവർത്തകരും ചേർന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങൾ പുറത്തെത്തിക്കുകയായിരുന്നു തന്റെ ദൗത്യം. കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാമെന്നായിരുന്നു ധാരണയെന്നും ഇയാൾ പറഞ്ഞു.
യാത്രക്കാരുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചയാൾ അവ വിമാനത്താവളത്തിലെ ഒരു ടോയ്‍ലറ്റിൽ വെയ്ക്കുമെന്നും സംഘത്തിലെ മറ്റൊരാൾ അത് അവിടെ നിന്ന് എടുക്കണമെന്നുമൊക്കെയായിരുന്നു ധാരണ. ഇവ പുറത്തെത്തിച്ച് വിൽപന നടത്തി പണം വീതിച്ചെടുക്കാനുള്ള പദ്ധതിയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുള്ള വാതിലിൽ വെച്ചു തന്നെയുള്ള പരിശോധനയിൽ പരാജയപ്പെട്ടത്. ആദ്യം പിടിയിലായ ആളുടെ മൊഴി അനുസരിച്ച് മറ്റ് രണ്ട് പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്‍തു.
പ്രതികളെ നടപടികൾ പൂർത്തിയാക്കി ദുബൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയപ്പോൾ മൂന്ന് മാസം വീതം ജയിൽ ശിക്ഷയും മോഷ്ടിച്ച സാധനങ്ങളുടെ വിലയ്ക്ക് തുല്യമായ തുകയായ അര ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്. പ്രവാസികളായ മൂന്ന് പേരെയും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവെച്ചു.