ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രമെന്ന നിലയിൽ മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളിൽ പ്രേക്ഷകശ്രദ്ധയിൽ മുന്നിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വിഷുദിന തലേന്ന് അണിയറക്കാർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ. ഇതിൻറെ ഭാഗമായി മെറ്റലിൽ ആലേഖനം ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ് വാലിബൻ ടീം.
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ 25 മെറ്റൽ പോസ്റ്ററുകളാണ് തയ്യാറാവുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാള സിനിമയിൽ ഇത്തരത്തിലൊരു ശ്രമം ആദ്യമായാണെന്ന് അണിയറക്കാർ പറയുന്നു. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞു ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വലിബന്റെ അണിയറപ്രവർത്തകർ. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി എസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം മധു നീലകണ്ഠൻ ആണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ഒരു ലിജോ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. പി ആർ ഒ പ്രതീഷ് ശേഖർ.