കൊച്ചി: വിഷുത്തലേന്ന് പടക്കം പൊട്ടിച്ചതു സംബന്ധിച്ച് അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തിനിടെ മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധന് തലയിടിച്ച് വീണ് തല്‍ക്ഷണം മരിച്ചു. കീഴ്മാട് റേഷന്‍ക്കട കവലക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആലുവ ചൂണ്ടി ചാണാശേരി വീട്ടില്‍ പീറ്റര്‍ (74) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ വാടകവീട്ടില്‍ താമസിക്കുന്ന ചൊവ്വര വെള്ളാരപ്പള്ളി പുന്നേത്ത്പറമ്പില് വീട്ടില്‍ വിജു (42) വിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വിജുവും പീറ്ററിന്റെ മകന് ബിനോയിയും ഒരു വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് വാടകയ്ക്ക് താമസിക്കുന്നത്. പടക്കം പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ വീട്ടുമുറ്റത്ത് വച്ച് ബിനോയിയെ വിജു ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച പീറ്ററിനെ വിനു പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് ചുമരില്‍ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഭാര്യയുമായി മുങ്ങിയ പ്രതിയെ പോലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പീറ്ററിന്റെ മൃതദേഹം ചൂണ്ടി എട്ടേക്കര്‍ പള്ളിയില്‍ സംസ്കരിച്ചു. ഭാര്യ: മേരി. മറ്റുമക്കള്‍: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കള്‍: ബേബി, പത്രോസ്, വര്‍ഗീസ്.