ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന്‍ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്(25), തന്‍െ്‌റ അമ്മ കണ്ണമ്മാള്‍ (70) എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ദണ്ഡപാണിയുടെ മകനായ സുഭാഷ് മറ്റൊരു ജാതിയില്‍പ്പെട്ട അനുഷയെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ കഴിഞ്ഞദിവസം ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു.
ദണ്ഡപാണിയും മകന്‍ സുഭാഷും തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാല്‍ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ, അച്ഛന്റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് സുഭാഷും അനുഷയും വീട്ടില്‍നിന്ന് മാറിതാമസിച്ചു.
കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയായ കണ്ണമാളിനെ സന്ദര്‍ശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ ദണ്ഡപാണി, കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ചോരയില്‍ കുളിച്ചുകിടന്ന മൂവരെയും പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.
ഒരുമാസത്തിനിടെ കൃഷ്ണഗിരിയില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിയത്. മൂന്നാഴ്ച മുന്‍പ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26 വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കിട്ടാംപെട്ടി സ്വദേശിയായ ജഗനെയാണ് ഭാര്യാപിതാവ് ഉള്‍പ്പെട്ട സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. മാര്‍ച്ച് 21-ന് കൃഷ്ണഗിരി കെ.ആര്‍.പി ഡാമിന് സമീപം ദേശീയപാതയിലായിരുന്നു ദാരുണസംഭവം.