CrimeNEWS

ബൈക്കില്‍ പോയപ്പോള്‍ പൊടിപാറി; തര്‍ക്കത്തില്‍ ഇടപെട്ടതിന് വീട് കയറി ആക്രമിച്ച് വിറക് പുരയ്ക്ക് തീയിട്ടു

കോഴിക്കോട്: തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിറകുപുര കത്തിക്കുകയും വരാന്തയിലെ സാധനസാമഗ്രികള്‍ കിണറ്റിലിടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. ഉള്ളിയേരി തെരുവത്ത് കടവ് പുതുവയല്‍ക്കുനി ഫായിസ് (25)നെയാണ് അത്തോളി പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനു ശേഷം മലപ്പുറം അരീക്കോട്ടെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞമാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഫായിസിന്റെ വീടിനുസമീപം താമസിക്കുന്ന ചേനോക്കണ്ടി യൂസഫിന്റെ വീട്ടിലായിരുന്നു അതിക്രമം. വാഹനമോടിക്കുമ്പോള്‍ പൊടി പാറിയതിനെച്ചൊല്ലി യൂസുഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറും ഫായിസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ യൂസുഫ് ഇടപെട്ടതിന്റെ പ്രതികാരമായാണ് ഇയാളുടെ വീട്ടില്‍ക്കയറി ഫായിസ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഓട്ടോ തടഞ്ഞുനിര്‍ത്തിയ ഫായിസ് താക്കോല്‍ ഊരിയെടുത്തതിനെച്ചൊല്ലിയായിരുന്നു യൂസുഫുമായുള്ള വാക്കേറ്റം.

Signature-ad

വീടിന്റെ വരാന്തയിലുണ്ടായിരുന്ന മേശയും കസേരയും സ്റ്റൂളും അടിച്ചുപൊട്ടിച്ച പ്രതി ഇവയെല്ലാം വീട്ടുമുറ്റത്തെ കിണറ്റിലിടുകയും ചെയ്തു. തുടര്‍ന്നാണ് വീടിനു പിറകുവശത്തെ വിറകുപുര കത്തിച്ചത്. സംഭവസമയത്ത് യൂസുഫ് വീട്ടിലുണ്ടായിരുന്നില്ല. യൂസുഫിന്റെ മാതാവാണ് അത്തോളി പോലീസില്‍ പരാതി നല്‍കിയത്. അക്രമം തടയാന്‍ ശ്രമിച്ച ഇവരെ ഫായിസ് അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ലഹരി ഉപയോഗിക്കുന്ന ഫായിസ് നേരത്തെയും സമാനകേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. വീടാക്രമിച്ച കേസില്‍ പോലീസ് തെരയുന്നതറിഞ്ഞാണ് ഇയാള്‍ ഒളിവില്‍ പോയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്തോളി ഇന്‍സ്പെക്ടര്‍ പി.കെ. ജിതേഷും സംഘവും അര്‍ധരാത്രിയോടെയാണ് ലോഡ്ജില്‍ നിന്നു പ്രതിയെ പിടികൂടിയത്. എസ്ഐമാരായ ആര്‍. രാജീവ്, കെ.പി. ബിജു, സിപിഒമാരായ ഷിബു, അനീസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: