KeralaNEWS

കേരളത്തിന്റെ സ്വപ്നം സാഫലമായി: ‘വന്ദേഭാരത് ‘ വന്നു, തിരുവനന്തപുരത്ത് പുഷ്പവൃഷ്ടി നടത്തി സ്വീകരണം

     കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന് തിരുവനന്തപുരത്ത് വൻ സ്വീകരണമാണ് ഒരുക്കിയത്. ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു. നിരവധി പേർ ട്രെയിൻ കാണാനും ഫോട്ടോ എടുക്കാനും എത്തിയിരുന്നു.  ട്രെയിൻ പിന്നീട് കൊച്ചുവേളി യാർഡിലേക്കു മാറ്റി. ഓടിത്തുടങ്ങുന്നതുവരെ കൊച്ചുവേളി യാർഡിലായിരിക്കും നിർത്തിയിടുക.

സംസ്ഥാനത്തിന്‍റെ റെയില്‍ യാത്രയ്ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന വന്ദേഭാരതിന്‍റെ കേരളയാത്രയ്ക്ക് കളമൊരുങ്ങിയത് അപ്രതീക്ഷിതമായാണ്.  തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസ് 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ എട്ടുസ്റ്റോപ്പുകളാണ് വന്ദേഭാരതിന് ഉണ്ടാവാവുക. സര്‍വീസ് മംഗലാപുരത്തേക്ക് നീട്ടുന്നത് പരിഗണനയിലുണ്ട്.

Signature-ad

വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആർ.എന്‍. സിങ് സംസ്ഥാനത്തെത്തി.

ചെന്നൈയില്‍നിന്നു കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിനു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍  വന്‍ സ്വീകരണമൊരുക്കിയിരുന്നു. രാവിലെ പതിനൊന്നേമുക്കാലോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലാണ് ആദ്യ സ്വീകരണം നല്‍കിയത്. തൃശൂരിലും കൊച്ചിയിലും ബിജെപി പ്രവര്‍ത്തകര്‍ കൊന്നപ്പൂക്കളുമായി സ്വീകരണമൊരുക്കി. കോട്ടയത്തും കൊല്ലത്തും ബിജെപി പ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും ട്രെയിന്‍ നിര്‍ത്തിയില്ല.

ജനശതാബ്ദി അടക്കം മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിക്കാത്ത രീതിയിലായിരിക്കും സമയക്രമീകരണം.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്.

ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ച തിരുവനന്തപുരം- കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്.

മുൻ നിശ്ചയിച്ചതിൽനിന്നു വ്യത്യസ്തമായി 8 കോച്ചിനു പകരം 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിച്ചിരിക്കുന്നത്.

വന്ദേഭാരത് പ്രത്യേകതകൾ 

  ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്.

52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും.

മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല.

പൂര്‍ണമായും എസി,  ഓട്ടമാറ്റിക് ഡോറുകള്‍, എക്സിക്യൂട്ടീവ് ക്ലാസില്‍ റിവോള്‍വിങ് ചെയറുകള്‍ ഉള്‍പ്പെടെ മികച്ച സീറ്റുകൾ. ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം. എല്‍ഇഡി ലൈറ്റിങ്. വിമാന മാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവയും വന്ദേഭാരതിനെ ആകര്‍ഷകമാക്കുന്നു.

Back to top button
error: