CrimeNEWS

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി; വഫയ്‌ക്കെതിരെ കേസില്ല

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ശ്രീറാം വിചാരണ നേരിടണം. ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.

തനിക്കെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇതു സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ചത്.

Signature-ad

കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാക്കുറ്റം ഒഴിവാക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരായി മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്. നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജനറല്‍ മാനേജരാക്കി മാറ്റി നിയമിച്ചിരുന്നു. പ്രതികളുടെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

 

Back to top button
error: