കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിഎഫ്ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ട്ടി ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രന് ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുരേന്ദ്രന് പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെത്തി. ഒരു ഗൃഹസമ്പര്‍ക്കം നടത്തിയപ്പോഴേക്കും ഇരുമുന്നണികളും വേവലാതിപ്പെടുന്നുവെന്നും സുരേന്ദ്രന് വ്യക്തമാക്കി.
മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ മുന്നണികള്‍ അവരെ വെറും വോട്ട് ബാങ്കായിട്ടാണ് കണക്കാക്കിയത്. ബിജെപി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴേക്കും ഇരുമുന്നണികളും ഭയപ്പെട്ടു. ഇവരുടെ കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.