CrimeNEWS

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ പിതാവായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവായ മകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിൽ പിതാവായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ടിഎംസി യുവജനസംഘടന നേതാവായ അനിസുർ ഷെയ്ഖിന്റെ വീടിന് നേരെയാണ് 62കാരനായ പിതാവ് സഹിറുദ്ദീൻ ഷെയ്ഖ് ബോംബേറ് നടത്തിയത്. അക്രമത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഞായറാഴ്ച മുർഷിദാബാദ് ജില്ലയിലായിരുന്നു സംഭവം.

അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാതിരിക്കാൻ വേണ്ടിയാണ് പിതാവ് വീടിന് നേരെ അക്രമം നടത്തിയതെന്ന് അനിസുർ പറഞ്ഞു. അതേസമയം, മകൻ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് സഹിറുദ്ദീൻ പറയുന്നത്. മകനും ടിഎംസി നേതാവായ മരുമകളുമാണ് കള്ളക്കേസിന് പിന്നിൽ. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ സഹതാപം ലഭിക്കാൻ അനിസുർ തന്നെയാണ് വീടിന് നേരെ ബോംബേറ് നടത്തിയതെന്നും സഹിറുദ്ദീൻ ആരോപിച്ചു.

Signature-ad

അതേസമയം, അനിസുറിന്റെ പരാതിയിലാണ് സഹിറുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ അനിസുറും ഭാര്യയും തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയാണ് പിതാവുമായി അകന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Back to top button
error: