ദില്ലി: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത. കാണാതായ ദിവസം ഷാറുഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. കേസിൽ ദില്ലിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ കാണാതായ മാർച്ച് 31ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നും പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ ഷെഹീൻബാഗിൽ നിന്ന് ഒമ്പത് മണിക്ക് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് കണ്ടെത്തൽ.
യാത്രക്കായി ഇത്രയും നേരം എടുത്തതിൽ പൊലീസ് ദൂരൂഹത കാണുന്നു. ഷഹീൻബാഗിൽ നിന്ന് ഷാറൂഖ് പോയത് എവിടേക്കാണെന്നും ആരെയൊക്കെ കണ്ടുവെന്നും പരിശോധന തുടരുകയാണ്. ഈ സമയം വിളിച്ച ഫോൺ കോളുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ഇതിലെ കണ്ടെത്തൽ നിർണ്ണായകമാകുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ മാത്രം ഇതുവരെ മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിന്റെ സുഹൃത്തുക്കൾ, മുൻ അധ്യാപകർ തുടങ്ങിവർ ഇതിൽ ഉൾപ്പെടും. റെയിൽവേ സ്റ്റേഷനിലെ ഷാറൂഖിന്റെ ദൃശ്യങ്ങളും ലഭിച്ചെന്നാണ് വിവരം. ദില്ലിയിൽ പ്രതിക്ക് ഒരു ബാങ്ക് അക്കൌണ്ട് മാത്രമാണുള്ളത്. ഇതിലെ ഇടപാടുകളിലും പരിശോധന നടക്കുകയാണ്