KeralaNEWS

മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒന്നര ലക്ഷം നല്‍കണം; അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ പിടിച്ചു കൊടുക്കണം!!! പണം ആവശ്യപ്പെട്ട് പോലീസുകാര്‍

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കിയ മകനെ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന മാതാവിനോട് പണം ആവശ്യപ്പെട്ടതായി പരാതി. ഇതുസംബന്ധിച്ച് കാട്ടാക്കട വീരണകാവ് സ്വദേശി ലത മനുഷ്യാവകാശ കമ്മീഷന്‍, എസ്.സി എസ്.ടി കമ്മീഷന്‍, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയിലും പരാതി നല്‍കി.

കാട്ടാക്കട അഞ്ചു തെങ്ങിന്‍മൂട്ടില്‍ ഉത്സവ പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് മൂക്കില്‍ ഏറു കിട്ടിയ സംഭവത്തില്‍ പോലീസ് പിടികൂടിയ യുവാക്കള്‍ പ്രതികളല്ല എന്നും കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാളായ പ്രണവിന്റെ (29) മാതാവ് ലത പറഞ്ഞു. മകനെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ”മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒന്നര ലക്ഷം നല്‍കണം; അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ പിടിച്ചു കൊടുക്കണം” എന്നായിരുന്നു പോലീസുകാര്‍ പറഞ്ഞതെന്ന് ലത വ്യക്തമാക്കി.

Signature-ad

കാട്ടാക്കട ഭദ്രകാളി ക്ഷേത്ര തൂക് മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി കളമായ അഞ്ചുതെങ്ങിന്‍മൂട്ടില്‍ യുവാക്കള്‍ സ്റ്റേജിനു മുന്നില്‍ നൃത്തം ചവുട്ടിയിരുന്നു. സംഘാടകര്‍ പറഞ്ഞത് ചെവിക്കൊള്ളാതെ ആയിരുന്നു ഇവരുടെ നൃത്തം. യുവാക്കളും, സംഘാടകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇവിടെയുണ്ടായിരുന്നവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലാണ് പോലീസിനുനേരേ കല്ലേറ് ഉണ്ടായത്.

കല്ലേറില്‍ ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വെള്ളറട സ്വദേശി രാജേന്ദ്രന്റെ് (43) മൂക്കിന്റെ പാലത്തിന് പൊട്ടലേറ്റു. ഇതോടെ സ്ഥലത്ത് അഴിഞ്ഞാടിയ പോലീസ് യഥാര്‍ത്ഥ പ്രതികളെ വിട്ടു നൃത്തം ചവിട്ടിയ യുവാക്കളുടെ നേരെ തിരിയുകയും ഇവരെ മര്‍ദ്ദിച്ചു വലിച്ചിഴച്ചു ജീപ്പില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു.

പൂവച്ചല്‍ നാവെട്ടിക്കോണം സ്വദേശി പ്രണവ് (29), തൂങ്ങാംപാറ വെള്ളമാനൂര്‍കോണം സ്വദേശി ആകാശ് (24), കാട്ടാക്കട മൈലാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ഇവര്‍ ന്തും തള്ളും പോലീസ് മര്‍ദ്ദനവും എല്ലാം ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി.

ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കാട്ടാക്കട പോലീസിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ആളുകളെ കള്ള കേസില്‍ കുടുക്കുന്ന പോലീസ് നടപടി കഴിഞ്ഞ കുറച്ചു നാളായി നടക്കുന്നു എന്നും ആരോപണം ഉണ്ട്. മുന്‍പ് അഞ്ചു തെങ്ങിന്‍ മൂട്ടില്‍ അമ്പലത്തില്‍ ഇരുന്ന പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ക്യാബില്‍ വയര്‍ കൊണ്ട് പോലീസ് കൂരമായി മര്‍ദ്ദിച്ച സംഭവും ഉണ്ടായിട്ടുണ്ട്. യുവാക്കളുടെ ഭാവി തകര്‍ക്കുന്ന നടപടി ചെയ്ത പോലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

 

Back to top button
error: