ഓരോ വർഷവും കൊച്ചിയിൽ കൂടിക്കൊണ്ടിരിക്കുന്നത് എന്താകും? ജനസംഖ്യ,കെട്ടിടങ്ങളുടെ എണ്ണം, മൊബൈൽ ഫോൺ… പിന്നെ?
സന്ധ്യയായാൽ കൊച്ചി നിവാസികൾക്ക് പട്ടാളക്കാരന്‍റെ മനസ്സാണ്.എല്ലാവരും ജാഗരൂകരാവും. വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിടും.കിട്ടാവുന്ന തിരികളെല്ലാം വാങ്ങി കത്തിക്കും.ബാറ്റ് എടുക്കും. ചിലർ ശരീരത്തിൽ ക്രീം പുരട്ടും,വല കെട്ടും. റെപ്പലന്‍റ് ലിക്വിഡ് സ്വിച്ച് ഓൺ ചെയ്യും… യുദ്ധം തുടങ്ങുകയായി.കൊതുകുകളെ തുരത്താനുള്ള യുദ്ധം!
വർഷങ്ങളായി കൊച്ചിക്കാരുടെ ഈ യുദ്ധം തുടങ്ങിയിട്ട്.പക്ഷെ പന്ത് ഇപ്പോഴും കൊതുകുകളുടെ കോർട്ടിലാണ്.മനുഷ്യരെ കടിക്കാൻ കൊതുകുകൾക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ല.പക്ഷേ കൊതുകുകളെ തുരത്താൻ ആളുകൾക്ക് നല്ല പണച്ചെലവുണ്ട്.
ബാറ്റിന്‍റെയും വലയുടേയും ലിക്വിഡിന്‍റെയും ബില്ല് കൂട്ടി നോക്കിയാൽ നമ്മുടെ കണ്ണ് തള്ളിപ്പോവും.കുട്ടികൾ ഉള്ള വീട്ടിലാണെങ്കിൽ പറയുകയും വേണ്ട. അത്തരം വീടുകളിൽ ഇതൊക്കെ കത്തിച്ചു വയ്‌ക്കുന്നത് കൂടാതെ മുഴുവൻ സമയവും ഫാൻ ഇട്ടുവയ്‌ക്കുന്നതുകൊണ്ട്, അതുവഴി വരുന്ന കറന്‍റ് ചാർജ് വേറെയും!
ജനലിനും വാതിലിനും നെറ്റ് അടിയ്‌ക്കാനും എയർ ഹോളുകൾക്ക് നെറ്റ് വിൻഡോ പിടിപ്പിക്കുവാനും,മാഗ്നറ്റിക് നെറ്റുകളും റോളർ സ്‌ക്രീനുകളും വാങ്ങുന്നതിനുമുൾപ്പടെയുള്ള ചെലവും ഈ ബജറ്റിന്‍റെ തന്നെ ഭാഗമാണ്.
നഗരത്തിന്‍റെ മുഖമുദ്രയാണ് കൊതുകുകൾ എന്ന ചിന്താഗതിക്കാരുമുണ്ട്.ഓരോ നഗരത്തിനും ഓരോ പ്രത്യേകതകൾ ഉണ്ടല്ലോ, അതേപോലെ.രജനികാന്തിന്‍റെ റോബോ എന്ന ചിത്രത്തിലെ രംഗം തന്നെ അതിനുദാഹരണമാണ്. രജനികാന്തിന്‍റെ കഥാപാത്രം തന്‍റെ നായികയെ കടിച്ച കൊതുകിനെ സാഹസികമായി പിടിച്ചെടുത്ത് നായികയുടെ മുന്നിൽ കൊണ്ടുവന്ന് മാപ്പ് പറയിപ്പിക്കുന്നുണ്ട്! കൊതുകിനെ നായകനാക്കി തമിഴിൽ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ടെന്നാണ് കേൾവി.
സർഗ്ഗ പ്രക്രിയയുടെ ഭാഗമാണ് കൊതുകെങ്കിലും,അത്ര സുഖകരമല്ല കൊതുകുമായി ഏറ്റുമുട്ടുന്നവരുടെ ജീവിതം.കൊച്ചിയിൽ ഒരാൾക്ക് ശരാശരി 20 മുതൽ 2352 കൊതുകുകടി വരെ ഒരു വർഷം ഏൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇറക്കിയ ഒരു ബുള്ളറ്റിനിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്.അതേ കൊച്ചിയുടെ രാജാക്കന്മാർ കൊതുകുകളാണ് !
കൊതുകിനെ തുരത്താൻ നാടൻ വിദ്യകൾ
- ശുദ്ധമായ വെളിച്ചെണ്ണ പുരട്ടിയാൽ കൊതുക് കടിയേൽക്കില്ല. അതിന്‍റെ ഗന്ധം കൊതുകുകളെ അകറ്റുകയും ചെയ്യും.
- കുന്തിരിക്കം പുകയ്‌ക്കുന്നത് കൊതുകുകളെ അകറ്റും. പക്ഷേ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ളവർ ഒരേ സമയം എന്തെങ്കിലും പുകയ്‌ക്കുകയോ കുന്തിരിക്കം കത്തിക്കുകയോ ചെയ്‌താൽ മാത്രമേ ദീർഘ നേരത്തേക്ക് ഫലം ലഭിക്കുകയുള്ളൂ.
- ബാൽക്കണിയിലും ജനലിന്‍റെ അടുത്തും വീട്ടുപരിസരത്തും തക്കാളിച്ചെടികൾ വളർത്തുന്നത് കൊതുകിനെ അകറ്റും. തക്കാളിച്ചെടിയുടെ രൂക്ഷ ഗന്ധം കൊതുകിനെ ആ പരിസരത്തേയ്‌ക്ക് അടുപ്പിക്കുകയില്ല എന്നതാണ് കാരണം.
- വേപ്പെണ്ണ പുരട്ടിയാൽ കൊതുക് കടി ഏൽക്കില്ല.
കൊതുകുകൾ പെരുകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
- കുഴികളും മറ്റും മണ്ണിട്ട് മൂടണം. കെട്ടിക്കിടക്കുന്ന ശുദ്ധ ജലത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്.
- ഉപയോഗ്യ ശൂന്യമായ ടയറുകളിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം. അതിൽ കൊതുകുൾ മുട്ടയിടും.
- വീടിന്‍റെ ടെറസ്സ്, സൺഷെയ്‌ഡ് എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
- കൂളറുകൾ, ഫ്രിഡ്‌ജുകൾ, ചെടിച്ചട്ടിയുടെ അടിയിൽ വയ്ക്കുന്ന പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
- ഓടയിലെ തടസ്സം നീക്കി ജലം ഒഴുകാൻ അനുവദിക്കുക.
- കക്കൂസ് ടാങ്കുകളുടെ വെന്‍റ് പൈപ്പുകൾ വല കൊണ്ട് മൂടുക