തിരുവനന്തപുരം: അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ അവഗണിച്ച് തള്ളാന്‍ കോണ്‍ഗ്രസ്. ആന്‍റണിയുടെ പ്രതികരണത്തോടെ അധ്യായം അവസാനിച്ചെന്നാണ് കെപിസിസി നിലപാട്. അനില്‍ ആന്‍റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ട്ടിക്കും എകെ ആന്‍റണിക്കും നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ല, എങ്കിലും രാഷ്ട്രീയമായനഷ്ടം ഉണ്ടാകില്ലെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. ആന്‍റണിയുടെ മകന്‍ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ട്ടിയില്‍ ഇല്ല. അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ല. അനിലിന്‍റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്‍റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
അതേസമയം അനിലിന്‍റെ രാഷ്ട്രീയ നിരീക്ഷണങ്ങളെയെല്ലാം സഹോദരന്‍ അജിത്ത് തള്ളി. ബിജെപി അംഗത്വമെടുത്തത് കുടുംബത്തെ ഒന്നാകെ ഞെട്ടിച്ചുവെന്നും അജിത് പോള്‍ ആന്‍റണി പറഞ്ഞു.ജ്യേഷ്ഠനെ തള്ളുമ്പോഴും അനിലിനെതിരായ കോൺഗ്രസ് സൈബർ ആക്രമണവും പാർട്ടി വിടാൻ കാരണമായിരിക്കാമെന്നും അജിത് പറയുന്നു.മകന്‍റെ രാഷ്ട്രീയ ചുവടുമാറ്റത്തോടെ വിഷമവൃത്തത്തിലായ എകെ ആന്‍റണിയെ മുതിര്‍ന്ന നേതാക്കളെല്ലാം ഫോണില്‍ വിളിച്ചു. ആന്‍റണിയുടെ മകന്‍ എന്ന നിലയില്‍ അവസരങ്ങള്‍ നല്‍കിയ നേതാക്കളും അനിലിനെ പൂര്‍ണമായി തള്ളുകയാണ്.