KeralaNEWS

ഉത്സവ പറമ്പിൽ ശാന്തംപാറ എസ്.ഐയുടെ മാദക നൃത്തം, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

 ഇടുക്കി ജില്ലയിലെ  ശാന്തംപാറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാജി, പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നൃത്തം ചെയ്തത് സമുഹ മാധ്യമങ്ങളിൽ വൈറൽ. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

  പൂപ്പാറ മാരിയമ്മൻ കോവിലിലെ ഉത്സവത്തിനിടെ സബ് ഇൻസ്പെക്ടർ നൃത്തം ചവിട്ടിയത് മദ്യ ലഹരിയിലാണ് എന്നാണ് വിവരം. ഇത്  സംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ചതോടെയാണ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയത്. ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ആണ് ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനപാലന ഡ്യൂട്ടിക്കായി എസ്.ഐ ഷാജിയും പോലീസ് സംഘവും എത്തിയത്.
രാത്രിയിൽ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ ‘മാരിയമ്മ കാളിയമ്മ’  എന്ന തമിഴ് ഭക്തിഗാനം ഉച്ചഭാഷിണിയുടെ മുഴങ്ങിയതോടെയാണ് സബ്ബ് ഇൻസ്പെക്ടർ എല്ലാം മറന്ന് നൃത്തം ചവിട്ടിയത്. മാത്രമല്ല നാട്ടുകാരിൽ ചിലരെ ഒപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുകയും ചെയ്തു. പോലീസ് യൂണിഫോമിൽ ഒരു എസ് ഐ പൊതുജന മധ്യത്തിൽ നൃത്തം ചവിട്ടുന്നത് പൂപ്പാറ നിവാസികൾ ആദ്യമായി കാണുകയായിരുന്നു. എല്ലാവർക്കും ഏറെ കൗതുകമായി  എസ്ഐയുടെ നൃത്തം.  ഇവിടെ കൂടിയ നാട്ടുകാരിൽ ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. സ്വയം മറന്ന നിലയിലുള്ള നൃത്തം ദീർഘനേരം തുടരുകയും എസ്.ഐയുടെ വൈകൃത പ്രകടനങ്ങൾ അവസാനിക്കാതെ വരുകയും ചെയ്തതോടെ നാട്ടുകാർ എസ്.ഐയെ പിടിച്ച് ആൾക്കുട്ടത്തിനു പുറത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ എസ്.ഐയുടെ നൃത്തം സോഷ്യൽ മീഡിയയിൽ ആരോ പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവം ശ്രദ്ധയിൽപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തു. ഇടുക്കിയുടെ ചുമതലയുള്ള കോട്ടയം എസ്.പി കാർത്തിക്  വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഔദ്യോഗിക ഡ്യൂട്ടിക്കിടെ പോലീസ് യൂണിഫോമിൽ നൃത്തം ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും തമിഴ് സിനിമയിൽ മാത്രം കണ്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഡാൻസ് നേരിൽ കാണാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് പൂപ്പാറ നിവാസികൾ.

Back to top button
error: