പ്രിയദർശൻ, ടി ദാമോദരൻ, മോഹൻലാൽ ടീം സംഗമിച്ച ചരിത്രേതിഹാസം ‘കാലാപാനി’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
പ്രിയദർശൻ സംവിധാനം ചെയ്ത ചരിത്രേതിഹാസം ‘കാലാപാനി’ക്ക് 27 വർഷപ്പഴക്കം. മോഹൻലാലിന്റെ പ്രണവം ആർട്ട്സ്, ഗുഡ്നൈറ്റ് മോഹന്റെ ഷോഗൺ ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ഈ സർവ്വതാരപ്രധാന ചിത്രത്തിൽ സംവിധായകന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ടി ദാമോദരൻ. ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിലെ ജയിലിൽ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമരക്കാരുടെ ചരിത്രകഥയാണ് ഒരുപക്ഷെ മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന് വിളിക്കാവുന്ന ഈ ചിത്രം. ഏതാണ്ട് 3 കോടി മുതൽമുടക്കിൽ അതുവരെയുണ്ടായിരുന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വന്ന ചിത്രമായിരുന്നു കാലാപാനി (കറുത്ത വെള്ളം). ഛായാഗ്രഹണത്തിന് സന്തോഷ് ശിവൻ ദേശീയ അവാർഡും കലാസംവിധാനത്തിന് സാബു സിറിൾ ദേശീയ, സംസ്ഥാന അവാർഡുകളും നേടി.
ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ തൂക്കിലേറ്റപ്പെട്ട ഗോവർദ്ധനെ (മോഹൻലാലിന് സംസ്ഥാന അവാർഡ് ലഭിച്ച കഥാപാത്രം) തേടിയുള്ള അനന്തരവന്റെ (വിനീത്) അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയിനിൽ ബോംബ് വച്ചുവെന്ന കേസിൽ അറസ്റ്റിലായ ഗോവർദ്ധനെ കാത്തിരിക്കുകയാണ് നവവധുകാലം മുതൽ തബ്ബൂ.
പുത്തഞ്ചേരി-ഇളയരാജ ടീമിന്റെ ഗാനങ്ങൾ, മാരിക്കൂടിനുള്ളിൽ (ചിത്ര), കൊട്ടും കുഴൽവിളി, ആറ്റിറമ്പിലെ, ചെമ്പൂവേ എന്നിവ ആസ്വാദകർ ഏറ്റെടുത്തു. ചിത്രയുടെ പാട്ടിനിടയിൽ ഇളയരാജയും (സംസ്ഥാന അവാർഡ്) പാടുന്നുണ്ട്.