കോട്ടയം: വാട്ടർ അതോരിറ്റിയുടെ നടത്തിപ്പിനെക്കുറിച്ച് സംസ്ഥാന സർക്കാർ സമഗ്രമായി പഠിക്കുകയും ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് കേരള വാട്ടർ അതോരിറ്റി കോൺടാക്ടേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2024 ന് മുൻപ് എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പു മുഖേന കുടിവെള്ളം എത്തിക്കാനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം അഖിലേന്ത്യ അടിസ്ഥാനത്തിൽ ഇരുപത്തിയാറാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ്. വെള്ളക്കരം വർദ്ധിപ്പിച്ചിട്ടും ജലവിതരണം സുഗമമാക്കാനുള്ള അറ്റകുറ്റപണികൾ നടത്തുന്ന കരാറുകാർക്ക് 19 മാസങ്ങളിലെ പണം കുടിശ്ശികയാണെന്നും അവർ പറഞ്ഞു.
ചെറുകിട – ഇടത്തരം കരാറുകാരെ ഒഴിവാക്കാൻ ശ്രമിച്ചതും 2018 ലെ നിരക്കുകളിൽ തന്നെ അടങ്കലുകൾ തയ്യാറാക്കി കൊണ്ടിരിക്കുന്നതുമാണ് ജൽജീവൻ പദ്ധതിയിൽ കേരളം ഏറെ പിന്തള്ളപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസ വേതനം നൽകുന്ന സംസ്ഥാനമായ കേരളത്തിൽ 2018 ലെ നിരക്കുകളിൽ പണിയെടുക്കാൻ ഒരു തൊഴിലാളിയേയും ലഭിക്കില്ല. പൈപ്പുകളുൾപ്പെടെയുള്ള നിർമ്മാണ വസ്തുക്കളുടെ വിലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. 2024 നു മുൻപ് കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തണമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2024 ലെ ഡി.എസ്.ആർ നിരക്കുകളിൽ, ചെറുകിട – ഇടത്തരക്കാരായ കേരള കരാറുകാർക്ക് ഏറ്റെടുക്കാൻ കഴിയും വിധം ടെണ്ടറുകൾ വിളിക്കണം. എഞ്ചിനീയറന്മാർക്ക് പരിശീലനം നൽകണം. പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഇപ്പോൾ ഒരു ഏജൻസി മാത്രമാണുള്ളത്. കാലതാമസം ഒഴിവാക്കാൻ , വിശ്വാസ്യതയുള്ള കൂടുതൽ ഏജൻസികളെ ഏർപ്പെടുത്തണം. അറ്റകുറ്റപണികൾ അപ്പഴപ്പോൾ പൂർത്തീകരിക്കപ്പെടണമെങ്കിൽ, 19 മാസത്തെ കുടിശ്ശിക ഉടനെ നൽകണം. വർദ്ധിപ്പിച്ച വെള്ളക്കരത്തിൽ നിന്നും പ്രതിമാസം 10 കോടി രൂപയെങ്കിലും അറ്റകുറ്റപണികൾക്കായി മാറ്റിവയ്ക്കണം. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി, കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കണം. കുപ്പിവെള്ള വിതരണത്തിനും വാട്ടർ അതോരിറ്റി മുന്നോട്ടു വരണമെന്നും അവർ പറഞ്ഞു.
ലൈസൻസുകൾ പുതുക്കുന്നതിനുള്ള പൊതുമരാമത്ത് വകുപ്പ് ഉത്തരവ് വാട്ടർ അതോരിറ്റിയിലും നടപ്പാക്കുക, ജി.എസ്. ടി. വർദ്ധന മൂലം കരാറുകാർക്കുണ്ടായ നഷ്ടം നികത്തുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ ഉന്നയിച്ചു. വാർത്താ സമ്മേളനത്തിൽ കേരളാ ഗവ. കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, വാട്ടർ അതോരിറ്റി കോൺട്രാക്ടേസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് ജോൺ, വൈസ് പ്രസിഡന്റ് മാത്യൂ കുഞ്ഞു മാത്യൂ, ട്രഷറർ ശ്രീജിത്ത് ലാൽ തുടങ്ങിയവർ പങ്കെടുത്തു.