ബംഗളൂരു: വിവാഹം കഴിക്കണമെന്ന കാമുകിയുടെ ഹര്‍ജിയില്‍ കൊലക്കേസ് പ്രതിക്ക് പരോള്‍. കര്‍ണാടക ഹൈക്കോടതിയാണ് പരപ്പന അഗ്രഹാര ജയിലിലെ തടവുകാരനും കോലാര്‍ സ്വദേശിയുമായ ആനന്ദിന് 15 ദിവസത്തെ പരോളനുവദിക്കാന്‍ ജയിലധികൃതരോട് നിര്‍ദേശിച്ചത്. ബുധനാഴ്ച ആനന്ദ് പരോളിലിറങ്ങും.
ആനന്ദിനെ വിവാഹംകഴിച്ചില്ലെങ്കില്‍ വീട്ടുകാര്‍ മറ്റൊരു വിവാഹം കഴിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോലാര്‍ സ്വദേശിനി നീത, ആനന്ദിന്റെ അമ്മ രത്നമ്മയുമായി ചേര്‍ന്നാണ് ഹര്‍ജിസമര്‍പ്പിച്ചത്. ഒമ്പതുവര്‍ഷമായി ആനന്ദുമായി പ്രണയത്തിലാണെന്നും നീത കോടതിയില്‍ വ്യക്തമാക്കി. ഇരുവരുടെയും വിവാഹം തന്റെ സ്വപ്നമാണെന്നാണ് രത്നമ്മ ഹര്‍ജിയില്‍ പറഞ്ഞത്. മറ്റൊരുകേസില്‍ മൂത്തമകന് ജയിലിലാണ്. ആനന്ദ് നീതയെ വിവാഹംകഴിക്കുന്നതോടെ തനിക്കൊരു കൂട്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ, ഇതേ ആവശ്യവുമായി നീത ജയിലധികൃതരെ സമീപിച്ചിരുന്നെങ്കിലും വിവാഹത്തിന് പരോളനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹര്‍ജി പരിഗണിച്ചത്. കോലാറില്‍നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 2017-ലാണ് ആനന്ദ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്തുവര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.