
ആലപ്പുഴ: ചെങ്ങന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്കെത്തിയ യുവതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നവജാത ശിശുവിനെ കണ്ടെത്തുന്നത്. യുവതി രാവിലെ വീട്ടിൽ വച്ച് പ്രസവിച്ചെന്നും കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ ഇട്ടിരിക്കുകയാണെന്നും രോഗ വിവരങ്ങൾ വിശദീകരിക്കുന്നകൂടെ യുവതി ആശുപത്രി അധികൃതരോട് പറഞ്ഞു.
തുടർന്നാണ് ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെങ്ങന്നൂർ ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ കോട്ടയിലുള്ള വീട്ടിൽ എത്തി പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിലെത്തിയ പോലീസുകാർ കുളിമുറിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോൾ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 1.3 Kg മാത്രം തൂക്കമുള്ള ആൺകുട്ടിയെ കണ്ടെത്തി. ഉടൻതന്നെ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പിന്നീട് ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടിയിട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറന്മുള പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ അലോഷ്യസ്, ഹരീന്ദ്രൻ, എഎസ് ഐ ജയകുമാർ ,എസ്.സി.പി.ഒ. സലിം, സി.പി.ഒമാരായ ഫൈസൽ, മനു, ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ, എസ്.ഐ. അഭിലാഷ് അജിത് ഖാൻ, ഹരീഷ് ജിജോ സാം എന്നിവർ അടങ്ങിയ സംഘമാണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.





