കോഴിക്കോട്: അമിത നികുതിഭാരത്താലും വിലക്കയറ്റത്താലും ദുരിതത്തിലായ മലയാളികള്‍ ജീവിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പിണറായി വിജയൻ സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള ധൂര്‍ത്തും ആഘോഷവും പൊടിപൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ യാത്രാപ്പടിയിനത്തില്‍ കൈപ്പറ്റുന്നത് കോടികളാണ്. സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അധിക നികുതിഭാരം അവരുടെ ചുമലില്‍ കയറ്റി നടുവൊടിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി. വര്‍ദ്ധിപ്പിച്ച എല്ലാ നികുതികളും പിന്‍വലിക്കാന്‍ തയ്യാറാകണം. കെട്ടിടനികുതിയിലെ വര്‍ദ്ധനയ്‌ക്കൊപ്പം അപേക്ഷാഫീസ്, പരിശോധനാ ഫീസ്, കെട്ടിങ്ങള്‍ നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവകൂട്ടി. കെട്ടിട നിര്‍മ്മാണത്തിനുള്ള വസ്തുക്കളുടെ വിലയുര്‍ന്നതോടെ ഈ മേഖലയാകെ തകര്‍ച്ചയിലാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചപ്പോള്‍ രജിസ്‌ട്രേഷനുള്ള ഫീസും കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ വെള്ളത്തിനും വൈദ്യുതിക്കും യാതൊരു നിയന്ത്രണവുമില്ലാതെ വിലവര്‍ദ്ധിപ്പിച്ച് സാധാരണക്കാരന്റെ കഴുത്തു ഞെരിക്കുകയാണ്.
ഇവിടെ കെഎസ്ആര്‍ടിസി ശമ്പളം കൊടുക്കാതെ ജീവനക്കാരെ പീഡിപ്പിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് കാണുന്നത്. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് കേരളത്തെ ഇന്നത്തെ കടബാധിത സംസ്ഥാനമാക്കിയത്. കേരളത്തിലെ ജനങ്ങളുടെയാകെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുന്നു. പ്രളയവും കൊവിഡും സൃഷ്ടിച്ച മാന്ദ്യം എല്ലാ മേഖലയിലും ഇപ്പോഴും തുടരുന്നതിനു കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും നയവൈകല്യങ്ങളുമാണ്. അതിരൂക്ഷമായ വിലക്കയറ്റമാണിപ്പോള്‍ പ്രകടമാകുന്നത്. അതിനാല്‍ വിവിധ മേഖലകളില്‍ ചുമത്തിയിട്ടുള്ള അധിക നികുതിഭാരം പിന്‍വലിക്കുക തന്നെ വേണം. സര്‍ക്കാര്‍ ജീവിനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുകയും ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് നല്‍കാനും തയ്യാറകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.