CrimeNEWS

പ്രതി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി? കോഴിക്കോട്ട് എത്തിയത് കെട്ടിടനിര്‍മാണത്തിന്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത് ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയെന്ന നിഗമനത്തില്‍ പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും.

ഇയാള്‍ നോയിഡ സ്വദേശിയാണെന്ന പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Signature-ad

അതേസമയം, ട്രെയിനിലെ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി അനില്‍കാന്ത് നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്‍ ആണ് സംഘത്തലവന്‍. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. അന്വേഷണം സംബന്ധിച്ച തുടര്‍നടപടികള്‍ കണ്ണൂരിലെത്തി ചര്‍ച്ച നടത്തിയശേഷം തീരുമാനിക്കുമെന്നു ഡിജിപി അനില്‍കാന്ത് പറഞ്ഞു. കുറച്ചു തെളിവുകള്‍ ലഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടും. തീവ്രവാദവിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നു ഡിജിപി അറിയിച്ചു.

അതിനിടെ, കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രേഖാചിത്രം തയാറാക്കിയത്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നു പോലീസ് പറഞ്ഞു. 112 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കാം.

Back to top button
error: