FoodNEWS

പച്ചക്കറി ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് മണ്ണിൽ നനവുണ്ടായിരിക്കണം.എങ്കിൽ മാത്രമേ എല്ലാ പോഷകങ്ങളും സസ്യങ്ങൾക്ക് വലിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ.ഈ വെള്ളം കട്ടി കൂടിയതോ ഉപ്പിന്റെ അംശമോ, ക്ളോറിൻ/ക്ളോറാമിൻ എന്നിവ അധികമായ അവസ്ഥയിലോ ആകരുത്. അങ്ങിനെ വന്നാൽ എത്ര കണ്ടു വളം ചേർത്താലും സസ്യങ്ങൾക്ക് വലിച്ചെടുക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല.
ചെടികൾക്ക് വെള്ളവും വളവും മാത്രമല്ല, കുറഞ്ഞത് 8 മണിക്കൂർ പ്രകാശവും ലഭിച്ചിരിക്കണം. പ്രകാശം നേടിയെടുക്കാനുള്ള സാധ്യതയില്ലെങ്കിൽ സസ്യങ്ങൾ ആരോഗ്യത്തോടെ വളരണമെന്നില്ല. വിവിധ തരത്തിലുള്ള പോഷകങ്ങൾ വിവിധ വളർച്ചാ ഘട്ടങ്ങളിൽ പ്രോസസ്സ് ചെയ്യാൻ കഴിയാതെ സസ്യങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും തുടർന്ന് രോഗങ്ങൾക്കും കീടങ്ങൾക്കും വിധേയമാക്കുകയും ചെയ്യും.
കൂടാതെ ഏതൊരു സസ്യങ്ങളുടെയും ഇലയിൽ പതിക്കുന്ന പ്രകാശത്തിൽ നിന്നുള്ള ചൂട് 30 ഡിഗ്രി സെൽഷ്യസിൽ കൂടുതലായാൽ വലിച്ചെടുത്ത പോഷകങ്ങൾ വഴി മുന്നോട്ടു പോകാനുള്ള അതിന്റെ കഴിവ് താനേ നിലച്ചുപോകയും റെസ്പിരേഷൻ അളവ് വർദ്ധിക്കുകയും ചെയ്യും.ചൂട് കൂടിയ മാസങ്ങളിൽ പലരും ഗ്രീൻ ഷെയിഡ് നൽകുന്നത് ഇതിനാണ്.മഴ കൂടുമ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്.അതിനാണ് മഴമറ എന്നുപറയുന്നത്.അല്ലാത്തപക്ഷം ചെടികൾ ചീഞ്ഞുപോകുകയും ഒടിഞ്ഞുപോകുകയുമൊക്കെ ചെയ്യും.
ചൂട് കൂടുകയും വെള്ളം അതിനനുസരിച്ച് ലഭിക്കാതെയാകുകയും ചെയ്യുമ്പോൾ തക്കാളി പോലെയുള്ള ചെടികളുടെ ഇലകൾ കുഴൽ പോലെ മേൽഭാഗം ഉള്ളിലോട്ടായി ചുരുണ്ട് വരുന്നത് കാണാം.പൊതുവെ ആരോഗ്യക്കുറവിൽ നിൽക്കുന്ന സസ്യങ്ങൾക്ക് ഈ സമയത്ത് വളം വലിച്ചെടുക്കാനുള്ള ശക്തി കൂടി നഷ്ടപ്പെടുമ്പോൾ, വീണ്ടും ക്ഷീണം വർദ്ധിക്കുന്ന അവസ്ഥയിലായിപ്പോകുന്നു.ഇങ്ങനെയാണ് ചെടികൾ വാടിപ്പോകുന്നത്.
 മിക്കവാറും പച്ചക്കറി ഇനങ്ങളിൽ ഈ സമയത്ത് കാൽസ്യത്തിന്റെ കുറവ് കൂടുതൽ അനുഭവപ്പെടുകയും അത് വളർച്ചയെ, ഉത്പാദനത്തെ, ഫലങ്ങളിലെ പോഷകങ്ങളുടെ അളവിനെ, രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്യും.
ഈ സമയത്ത് തടം വരണ്ടു പോകാതെ ശ്രദ്ധിക്കുകയും പുതയിട്ട് നിര്‍ത്തുകയും ചൂട് കുറഞ്ഞ പ്രഭാത സമയങ്ങളില്‍ മൈക്രോ പോഷകങ്ങളുടെ, കീലെറ്റ് രൂപത്തിലുള്ള കാത്സ്യം, മാംഗനീസ്, ഇരുംബ്, സിങ്ക്, കോപ്പര്‍ എന്നിവയുടെ ഒരു ചെറിയ അളവ് ഇലകളില്‍ സ്പ്രേ ചെയ്യുന്നതും നന്നായിരിക്കും.
ചിലര്‍ ചൂട് കൂടിയ സമയങ്ങളില്‍ അടുക്കള തോട്ടങ്ങളില്‍ സസ്യങ്ങളെ തണുപ്പിക്കാനായി ഇലകളില്‍ വെള്ളം സ്പ്രേ ചെയ്തു കൊടുക്കാറുണ്ട്. ഈ കാര്യം നല്ലതുതന്നെയാണെങ്കിലും പോഷകങ്ങള്‍ ചേര്‍ത്തു നല്‍കുന്നതാണ് ഉത്തമം.ഇലകളില്‍ വെള്ളം തെളിക്കുന്നതോടെ തടത്തില്‍ വെള്ളത്തിന്റെ അളവ് അധികരിക്കാനും പാടില്ല.

Back to top button
error: