
തിരുവനന്തപുരം: 2025 – 26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് കെ ഹോം. ടൂറിസം രംഗത്ത് ഉണര്‍വേകാനുള്ള പുതിയ പദ്ധതിയ്ക്ക് സംസ്ഥാനത്ത് മികച്ച സാധ്യതകാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട്ടുടമകള്‍ക്ക് വരുമാന മാര്‍ഗം എന്നതിന് പുറമെ, കൂടുതല്‍ തൊഴിലവസരങ്ങളും കെ ഹോംസിലൂടെ ലഭിക്കും.
താമസക്കാരില്ലാത്ത വീടുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ടൂറിസത്തിനായി ഉപയോഗിക്കുന്ന പദ്ധതിയാണ് കെ ഹോംസ്. നിലവില്‍ സംസ്ഥാനത്ത് 15 ലക്ഷത്തോളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ടൂറിസം സാധ്യതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി വീടുകള്‍ ഇതിലുണ്ട്. കെ ഹോംസ് പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫോര്‍ട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാര്‍ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞ വീടുകളിലാണ് പൈലറ്റ് പ്രജക്ട് നടപ്പിലാക്കുക. വിജയിച്ചാല്‍ കൂടുതല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും നടപ്പാക്കും.
നിലവില്‍ വീട്ടുടമസ്ഥര്‍ താമസിക്കുന്ന വീടുകള്‍ക്കാണ് ഹോംസ്റ്റേ തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കെ ഹോംസ് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആളോഴിഞ്ഞ വീടുകള്‍ക്കും ഹോംസ്റ്റേ അനുമതി ലഭിക്കും. ആളൊഴിഞ്ഞ് കിടക്കുന്ന വീടുകള്‍ക്ക് മേല്‍നോട്ടക്കാരെ നിയമിച്ച് മിതമായ നിരക്കില്‍ താമസസൗകര്യം ഒരുക്കി വരുമാനം നേടാന്‍ കഴിയുന്ന പദ്ധതിയാണിത്.
പ്രദേശവാസികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കെ ഹോംസ് പദ്ധതി വഴി തൊഴില്‍ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെതയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ടൂറിസം, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഭാവിയില്‍ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള ഗ്രാമങ്ങളുടെ വികസനത്തിനും ഈ പദ്ധതി വഴിയൊരുക്കും.
നിലവിലെ കണക്കനുസരിച്ച് പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളോഴിഞ്ഞ വീടുകളുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയവര്‍, ഒരു വീടുണ്ടായിരിക്കെ മറ്റൊരു വീട് നിര്‍മിച്ച് താമസം മാറിയവര്‍ എന്നിവരാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമകള്‍. നിക്ഷേപം എന്ന രീതിയില്‍ വീടുകളും വില്ലകളും വാങ്ങിയവരുണ്ട്. ഇവയില്‍ അധികവും അഞ്ച് മുറികള്‍ വരെയുള്ള ആഢംബര വീടുകളാണ്.