സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്ന പ്രഖ്യാപനം വൻ ചർച്ചയായി മാറിയിരുന്നു. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ നേടിയിരിക്കുകയാണ്. ഇനിയും പേരിട്ടില്ലെങ്കിലും സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളിൽ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക.
#Suriya42 streaming rights bagged by Amazon Prime Video for a record price… 2nd highest digital rights sale from tamil film pic.twitter.com/Y51cQ2JAVX
— Karthik Ravivarma (@Karthikravivarm) April 2, 2023
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആർ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോർഡിനേറ്റർ ഇ വി ദിനേശ് കുമാറുമാണ്.
‘സൂര്യ 42’ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ‘സൂര്യ 42’ന്റെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കിൽ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റർ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താൽ അത് നല്ല കാര്യമാകും. ഭാവിയിൽ ഷെയർ ചെയ്യാതിരിക്കാനും അഭ്യർഥിക്കുന്നു. ഇത് തുടർന്നാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിർമാതാക്കളുടെ ഔദ്യോഗിക ട്വിറ്റർ വഴി പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരുന്നത്.