കോട്ടയം: കുമരകത്തെ കായലോളങ്ങൾ വകഞ്ഞുമാറ്റിയുള്ള ചുണ്ടൻ വള്ളങ്ങളുടെ വരവ് കണ്ട് ആവേശത്തിലമര്‍ന്ന് ജി20 രാജ്യങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്കേപ്പ് റിസോര്‍ട്ടിന് സമീപമുള്ള കായലിലായിരുന്നു വള്ളംകളി നടന്നത്.
യഥാര്‍ത്ഥത്തിൽ കുട്ടനാട്ടിൽ വള്ളംകളി നടക്കുന്നതിന് സമാനമായി അഞ്ച് വള്ളങ്ങൾ ക്രമീകരിച്ച്, പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞ് വള്ളക്കാരെല്ലാം അണിനിരന്നായിരുന്നു പരിപാടി നടന്നത്. വള്ളംകളിക്കിടെ ഇന്ത്യയുടെ ഷെർപ്പ അമിതാഭ് കാന്തിനൊപ്പം വിദേശ പ്രതിനിധികളും അത്യാവേശപൂര്‍വം ആര്‍പ്പുവിളിച്ച് പരിപാടി ആഘോഷമാക്കി.
ഉദ്യോഗസ്ഥ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സംസ്കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തത്. അതേസമയം താജിൽ തൃശ്ശൂര്‍ പൂരത്തിന്റെ മിനി രൂപവും അരങ്ങേറി. ഇവിടെയും വിദേശ പ്രതിനിധികൾ അത്യാവേശപൂര്‍വമാണ് പങ്കെടുത്തത്.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് കീഴിലുള്ള ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം യോഗമാണ് 2023 മാർച്ച് 30 മുതൽ ഏപ്രിൽ രണ്ട് വരെ കോട്ടയത്തെ കുമരകത്ത് നടക്കുന്നത്. ജി 20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ്പ (പ്രത്യേക പ്രതിനിധി) അമിതാഭ് കാന്ത് ആണ് അധ്യക്ഷൻ. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട ഒമ്പത് രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസം നീളുന്ന സമ്മേളനമാണ് കുമരകത്ത് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരമാണ് കുമരകത്ത് ഒരുക്കിയിരുന്നത്. വള്ളംകളിക്കും മിനി തൃശൂർ പൂരത്തിനുമൊപ്പം സാംസ്കാരിക പരിപാടികൾ, പരമ്പരാഗത ഓണസദ്യ, വള്ളത്തില്‍ വച്ചുള്ള ചായസൽക്കാരം തുടങ്ങി കേരളീയ തനിമ മനസിലാക്കാനുള്ള എല്ലാ ഒരുക്കങ്ങളും കുമരകത്ത് തയാറായിരുന്നു. വിവിധ റിസോര്‍ട്ടുകളിലായാണ് ടി കെ രാജീവ് കുമാറിന്‍റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.