
കോട്ടയം: വൈക്കം സത്യഗ്രഹം കേരളത്തിലെ ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായി എസ്. എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുമായുള്ള വൈക്കം സത്യഗ്രഹ നായകന്‍ ടി കെ മാധവന്റെ സൗഹൃദം സത്യഗ്രഹത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുണ നേടിക്കൊടുത്തുവെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടന വേദിയിൽ ആശംസയർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ നല്‍കിയ സംഭാവനകളുടെ തെളിവാണ് ശതാബ്ദി ആഘോഷ വേദിയിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന സമരങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയത് വൈക്കം സത്യഗ്രഹമാണെന്ന് കെ പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സംസ്കാരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങൾ നിലനിൽക്കുന്ന മണ്ണാണ് വൈക്കമെന്നും കേരളത്തിൽ നടന്ന പാലിയം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, കൂടൽമാണിക്യം ക്ഷേത്ര സമരം എന്നിവയ്ക്ക് പശ്ചാത്തലം ഒരുക്കാൻ വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞതായും പുന്നല ശ്രീകുമാർ പറഞ്ഞു. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ എല്ലാവരേയും ഒരുമിച്ച് നിർത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.






