കോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിൻറെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ നീർക്കരിമ്പിൽ മൂസയെയാണ് (36) നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ സിഐ ഇ വി ഫായിസ് അലി, എസ്ഐ എസ് ശ്രീജിത്ത് എന്നിവരും വനിത പൊലീസും അടങ്ങുന്ന സംഘവും മൂസയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
വാതിൽ തുറക്കാതെ മൂസ പൊലീസിനെതിരെ തട്ടിക്കയറി. ഇതോടെ കൂടുതൽ പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത മൂസയെ അക്രമത്തിനിരയായ യുവാവിന്റെ വനിതാ സുഹൃത്ത് തിരിച്ചറിയുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് പേരോട് യുവതിയുടെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശിയെ 20 ഓളം വരുന്ന സംഘം അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്. കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അക്രമത്തിന് ശേഷം വിദേശത്തേക്ക് കടന്നിരുന്നു. മറ്റ് 16 പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നെന്നാണ് പരാതി. ഇരുമ്പ് ദണ്ഡുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് 29കാരനായ യുവാവ് പറഞ്ഞു. ഇയാളുടെയും യുവതിയുടെയും ഫോണുകൾ അക്രമിസംഘം കൈക്കലാക്കി. രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ വിവരം അറിഞ്ഞെത്തിയ നാദാപുരം പൊലീസാണ് നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചത്. ദേഹമാസകലം പരിക്കേറ്റ വിശാഖിനെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.