കോട്ടയം: അയിത്തോച്ചാടനത്തിനെതിരേ രാജ്യം കണ്ട ഏറ്റവും വലിയ സത്യഗ്രഹം ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ വൈക്കത്തെ ചരിത്രസ്മരണകളും ഓർമപുതുക്കി പുതുതലമുറയുടെ മുന്നിലേക്ക് എത്തുകയാണ്. വൈക്കം മഹാദേവ ക്ഷേത്ര പരിസരത്തെ നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്രത്തിനായി അവർണവിഭാഗമായി കണക്കാക്കപ്പെട്ട മനുഷ്യർ നടത്തിയ വൈക്കം സത്യഗ്രഹ സമരം വളരം പെട്ടെന്നാണ് രാജ്യശ്രദ്ധ പിടിച്ച് പറ്റിയത്. മഹാത്മാ ഗാന്ധിയുടെയും മഹാദേവ ദേശായിയുടെയും പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെയുമെല്ലാം കടന്നുവരവിലൂടെയും പങ്കാളിത്തത്തിലൂടെയും സത്യഗ്രഹം ദേശീയ പ്രാധാന്യമുള്ള സമരമായി മാറ്റി.
ഗാന്ധിജിയുടെ വരവിലൂടെ ഇന്നും ചരിത്രസ്മാരകമായി നിലകൊള്ളുന്ന ഒന്നാണ് ക്ഷേത്രത്തിന്റെ വടക്കേനടയിൽ നിലകൊള്ളുന്ന ഇണ്ടംതുരുത്തി മന. ഗാന്ധിജിക്ക് അയിത്തം കൽപിച്ച് പുറത്തിരുത്തിയ ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുടെയും സവർണമേധാവിത്വത്തിന്റെയും അടയാളമായ ഇണ്ടംതുരുത്തി മന. 1925 മാർച്ച് പത്തിനാണ് മഹാത്മാ ഗാന്ധി വൈക്കത്തെ ഇണ്ടംതുരുത്തി മനയിലെത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരി അടക്കമുള്ള സവർണ്ണ ഹിന്ദു മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. മഹാദേവ ദേശായി, രാമദാസ് ഗാന്ധി, സി രാജഗോപാലാചാരി, ടി.ആർ കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവർ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്നു.
ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരി, തെക്കുംകൂർ രാജ, വടക്കുംകൂർ രാജ, വഴുതനക്കാട്ടുരാജ, എം.കെ രാമൻപിള്ള, പി.സി കൃഷ്ണപിള്ള, വെങ്കിട്ട രാമയ്യർ, ഗണപതി അയ്യർ, കൊച്ചു മഠം ഗോവിന്ദപിള്ള, ദിവാൻ പേഷ്‌കാർ എം.വി സുബ്രമണ്യ അയ്യർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പി വിശ്വനാഥ അയ്യർ, തഹസീൽദാർ സുബ്രമണ്യ അയ്യർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ സത്യാഗ്രഹികളായ അവർണരുമായുള്ള ഗാന്ധിജിയുടെയും കൂട്ടരുടെയും സമ്പർക്കം മൂലം അവരെ അയിത്തം തീണ്ടിയവരായി കണക്കാക്കി മനയുടെ കാരണവരായ ദേവൻ നീലകണ്ഠൻ നമ്പ്യാതിരി അവരെ നാലുകെട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. പകരം മനയ്ക്ക് പുറത്ത് പ്രത്യേകമായി തയ്യാറാക്കിയ ഭാഗത്തായിരുന്നു ഗാന്ധിജിക്കും കൂട്ടർക്കും ഇരിപ്പിടം ഒരുക്കിയത്.
ഒരു മനുഷ്യൻ ഹിന്ദുമതത്തിലെ ഒരു പ്രത്യേക ജാതിയിൽ ജനിച്ചു പോയി എന്ന കാരണത്താൽ പൊതുജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന റോഡുകളിൽ പോലും പ്രവേശിപ്പിക്കാതിരിക്കുന്നതു മനുഷത്വത്തിന് നിരക്കുന്നതല്ലെന്നും അയിത്തം കൽപിച്ച് മാറ്റി നിർത്തുന്നവർ ശത്രുക്കളോ, കൊള്ളക്കാരോ കള്ളന്മാരോ അല്ല എന്നു ഗാന്ധിജി ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളുടെ വിശ്വാസപ്രകാരം മുൻ ജന്മപാപ ഫലമായാണ് അവർ അയിത്തജാതിയിൽ പിറന്നതെന്നും ആയതിനാൽ തന്നെ അവർ കൊള്ളക്കാരെക്കാളും ഹീനരാണെന്നുമായിരുന്നു നമ്പ്യാതിരിയുടെയും മറ്റ് സവർണ്ണ മേധാവിമാരുടേയും വാദം. മൂന്ന് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് സവർണ്ണ ചിന്താഗതിയെ മാറ്റാനായില്ല എന്നതും വസ്തുതയാണ്.
1925 നവംബർ 23ന് 603 ദിവസം നീണ്ട സത്യഗ്രഹം പാതി വിജയത്തോടെ അവസാനിച്ചപ്പോഴും ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഗോപുര വാതിലിനോട് ചേർന്ന നിരത്തുകൾക്കും, ഇണ്ടംതുരുത്തി മനയ്ക്കും പിന്നെയും നാളുകളോളം കാലഹരണപ്പെട്ട സവർണചിന്താഗതികൾക്ക് പാത്രമാകേണ്ടി വന്നു. എന്നാൽ പതിറ്റാണ്ടുകൾ അവർണ്ണർക്ക് അയിത്തം കൽപ്പിച്ച് തീണ്ടാപ്പാടകലെ നിർത്തിയ ഇണ്ടംതുരുത്തി മന 1964 മേയിൽ ചെത്തുതൊഴിലാളി യൂണിയൻ വിലയ്ക്ക് വാങ്ങി അവരുടെ യൂണിയൻ കാര്യാലയമായി മാറ്റി. പിന്നീട് 2009ൽ ആണ് മന പുതുക്കിപ്പണിതത്. രണ്ട് നിലകളുള്ള മനയുടെ പഴയ പ്രൗഢി നിലനിർത്തിക്കൊണ്ടാണ് പുനർ നിർമിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ സ്മരണയുമായി മനയിലെത്തുന്നവർക്ക് ആ ചരിത്രം വിവരിക്കാൻ തക്കവണ്ണമുള്ള സൗകര്യങ്ങളും മനയിൽ ഒരുക്കിയിട്ടുണ്ട്.
(അവലംബം: വൈക്കം സത്യഗ്രഹ രേഖകൾ: അഡ്വ. പി.കെ. ഹരികുമാർ, എഡിറ്റർ. (2020, എസ്.പി.സി.എസ്.)