IndiaNEWS

ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധങ്ങൾ; കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ദില്ലി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനായി തിരച്ചിൽ തുടരുന്നതിനിടെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുൻപിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ക‍ർ‍ശന നടപടി സ്വീകരിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ഒളിവിലുള്ള അമൃത്പാൽ സിങ് പൊലീസ് നടപടികളോട് സഹകരിക്കണമെന്ന് സിക്ക് വിഭാഗം നേതാവ് ഗിയാനി ഹർപ്രീതി സിങ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങൾക്ക് എതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രകോപനം തുടരുകയാണ്. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും കോൺസുലേറ്റുകൾക്ക് മുന്നിൽ പ്രകോപന പ്രകടനം അരങ്ങേറിയിരുന്നു. കോൺസുലേറ്റുകൾക്ക് എതിരായ നീക്കങ്ങളെ അപലപിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം അമൃത്പാൽ സിം​ഗ് പാട്യാലയിലാണെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. പഞ്ചാബ് പട്യാലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ദില്ലിയിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ തെരച്ചിൽ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സൺ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാൽ നിൽക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അടുത്ത അനുയായി പൽപ്രീത് സിങ്ങും അമൃത് പാൽ സിങ്ങിനൊപ്പമുണ്ട്.

അമൃത് പാൽ സിങ്ങിനായി ദില്ലിയിലും തെരച്ചിൽ ആരംഭിച്ചിരുന്നു. പഞ്ചാബ് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലും തെരച്ചിൽ നടത്തുന്നത്. അമൃത് പാൽ സിങ്ങിന്റെ അനുയായികളിൽ ഒരാളെ ഇന്നലെ ദില്ലിയിൽ വച്ച് പിടികൂടിയിരുന്നു. അമിത് സിംഗ് എന്നയാളെയാണ് തിലക് വിഹാറിൽ വച്ച് പിടികൂടിയത്.

Back to top button
error: