തൊടുപുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണെന്നും ശിക്ഷക്ക് ഒരു ന്യായവുമില്ലെന്നും എംഎം മണി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് എനിക്ക് തോന്നുന്നത്. വിമർശനം ഏൽക്കാൻ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാൻ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാർട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആർഎസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവർ. ഇവരിൽ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആയിരകണക്കിന് മുസ്ലിംകളെ കൊന്നുതള്ളിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതാവ് മോഹൻ ഭാഗവതാണ്. മുസ്ലീങ്ങളെ കൊലപ്പെടുത്തി. ക്രിസ്ത്യാനികളെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുകയാണ്. മാർപാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും. അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാൾ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമർശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടതെന്നും മണി പറഞ്ഞു. ഞാൻ പറഞ്ഞത്ര പോലും രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലേ. അങ്ങനെയെങ്കിൽ എന്നേം ശിക്ഷിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആയിരം സംവത്സരമായി പൊരുതുകയാണ് എന്നാണിവർ പറയുന്നത്. എന്താണിവർ പൊരുതുന്നത്. ജാതിവ്യവസ്ഥ പുനസ്ഥാപിക്കാനാണ് ശ്രമിച്ചത്. ഗാന്ധിയും ഹിന്ദുമത വിശ്വാസമായിരുന്നു, പക്ഷേ ഇവരെപ്പോലെ ഭ്രാന്തനായിരുന്നില്ല. അദാനിയെന്ന കള്ളനെ വളർത്തിക്കൊണ്ടുവന്ന്, രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് രൂപയാണ് കൊള്ളയടിച്ചതെന്നും മണി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടുസീറ്റിൽ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ‘രണ്ട് സീറ്റിലാണ് കെ. സുരേന്ദ്രൻ മത്സരിച്ചത്. സഞ്ചരിച്ചത് ഹെലിക്കോപ്റ്ററിൽ. ഞാനൊക്കെ പൊട്ട ജീപ്പിൽ. ഇതിനൊക്കെ കാശ് എവിടുന്ന് ഉണ്ടായി. ഇന്ത്യൻ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവർ കൊടുക്കുകയല്ലാതെ എവിടുന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം’, അദ്ദേഹം കുറ്റപ്പെടുത്തി.