കാനം ഇ.ജെ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ‘അവൾ വിശ്വസ്‌തയായിരുന്നു’ റിലീസ് ചെയ്തിട്ട് 45 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
കാനം ഇ.ജെ-ജേസി കൂട്ടുകെട്ടിലെ ‘അവൾ വിശ്വസ്‌തയായിരുന്നു’ പ്രദർശനശാലകളിലെത്തിയിട്ട് 45 വർഷം. ‘തിരയും തീരവും ചുംബിച്ചുറങ്ങി’ എന്ന പാട്ട് കൊണ്ട് ഇന്നും സ്മരണീയമായ ഈ ചിത്രം റിലീസ് ചെയ്‌തത് 1978 മാർച്ച് 25 ന്. ആകസ്മികമായി കണ്ടുമുട്ടുന്ന പഴയ സുഹൃത്ത് മുൻകാമുകിയുടെ ഭർത്താവാണെന്നറിയുന്ന ഒരാളുടെ പിരിമുറുക്കമാണ് കഥ. മനോരാജ്യം വാരികയുടെ എഡിറ്ററായിരുന്ന ഇലവുങ്കൽ ജോസഫ് ഫിലിപ്പ് എന്ന കാനം ഇ ജെ മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച നോവലാണ് സിനിമയായത്. കാനം തിരക്കഥയും ഗാനങ്ങളും എഴുതി. നിർമ്മാണം ജെ.ജെ കുറ്റിക്കാട്. സഹസംവിധായകർ പി ചന്ദ്രകുമാർ, സത്യൻ അന്തിക്കാട്.
വീട്ടിൽ നിന്നും പിണങ്ങിപ്പോയ സോമൻ പഴയ സുഹൃത്ത് വിൻസെന്റിനെ അവിചാരിതമായി കണ്ടുമുട്ടി. വീട്ടിൽ താമസിക്കാമെന്നായി വിൻസെന്റ്. അവിടെ ചെന്നപ്പോൾ വീട്ടുകാരി സോമൻ പണ്ട് പ്രണയിച്ചിരുന്ന ജയഭാരതി. സുഹൃത്തിന്റെ കാമുകിയെ വേറെ ആരോ കല്യാണം കഴിച്ചു എന്ന് മാത്രമേ വിൻസെന്റിന് അറിയുമായിരുന്നുള്ളു. സോമനും ജയഭാരതിയും പണ്ട് തിരയും തീരവും (വാണിജയറാം ഹാപ്പി വേർഷൻ) പോലെയായിരുന്നു. വിൻസെന്റിന്റെ വീട്ടിൽ അതിഥിയായി താമസിക്കേ ഉറക്കം വരാത്ത രാത്രികളിലൊന്നിൽ സോമൻ തിരയും തീരവും (യേശുദാസ്- ശോകഗാനം) പാടി. വീട്ടുകാർ പഴയ പ്രണയകഥ അറിഞ്ഞു. ഭാര്യയെ പൊതിരെ തല്ലിയ ഭർത്താവിനോട് അമ്മ (ടിആർ ഓമന) പറയുന്നു: കല്യാണത്തിന് മുൻപ് പെൺകുട്ടികൾ പലരെയും കാണും, ഇഷ്ടപ്പെടും. ഇതിന് മുൻപ് ഒരു പെൺകുട്ടിയെയും ഇഷ്ടപ്പെട്ടിട്ടില്ലെന് നിനക്ക് പറയാനാവുമോ…? മനസികാഘാതത്തിൽ മരിക്കുന്നതിന് മുൻപ് മുൻകാമുകൻ ഭർത്താവിനോട് പറഞ്ഞു: ‘അവൾ വിശ്വസ്‌തയായിരുന്നു’. കമൽ ഹാസൻ ഈ ചിത്രത്തിൽ തീരെ ചെറിയൊരു റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ചക്രവാളം ചാമരം വീശും’ എന്നൊരു നല്ല ഗാനം കൂടിയുണ്ടായിരുന്നു ഈ സിനിമയിൽ. സംഗീതം എംകെ അർജ്ജുനൻ.