കോട്ടയം: ഇടുക്കി ചിന്നക്കനാലിൽ അരി കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടി വച്ചു പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ച സുരക്ഷാ നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതു സംബന്ധിച്ച് കോട്ടയം വനം സി.സി.എഫ് ഓഫീസിൽ ചേർന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാൽ കോളനി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൂടുതൽ നടപടികൾ സ്വീകരിക്കും. പ്രദേശത്ത് അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാതെയിരിുക്കുന്നതിനുള്ള പ്രവർത്തന ക്രമീകരണം നടത്തിക്കഴിഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കുന്നതിന് സർക്കാർ ബാധ്യസ്ഥമാണ്.29-ന് വാദം കേൾക്കുന്ന ഘട്ടത്തിൽ കാര്യത്തിന്റെ ഗൗരവം കോടതിയെ ധരിപ്പിച്ചു തുടർ നടപടികൾ സ്വീകരിക്കും. ഇതിനായി ആവശ്യമായ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കും. ആനയെ മയക്കുവെടി വച്ച് പിടികൂടുന്ന നടപടികൾ മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. രണ്ടു കുങ്കിയാനകൾ കൂടി ഇന്നെത്തും.മറ്റ് ക്രമീകരണങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികളുടെ നിർദേശം ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. കൂടുതൽ പഠനത്തിലൂടെ നടപടികൾ ആവിഷ്‌ക്കരിക്കും. ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിച്ച് വരുകയാണ്. ജനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്.പിടികൂടുന്ന വന്യമൃഗങ്ങളെയും വനം വകുപ്പ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, മുഖ്യവനം മേധാവി ബെന്നിച്ചൻ തോമസ്, ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്ലീഡർ അഡ്വ.നാഗരാജ്, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഗംഗാസിംഗ്, പിസിസിഎഫ് ജയപ്രസാദ്, എപിസിസിഎഫ് ഡോ.പി. പുകഴേന്തി, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.