കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് കുവൈത്തിലെ അൽ ഖബസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്‍തു. ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുവൈത്തിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള തസ്‍തികകളുടെ പേരുകൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ നിർണയിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ബന്ധപ്പെട്ട തസ്‍തികകളിൽ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ. അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് കുവൈത്ത് അധികൃതർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണിതും. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക.
ഫിനാൻസ്, ബാങ്കിങ് രംഗങ്ങളിലെ ജോലികളിലുള്ളവരുടെ തസ്‍തികകൾ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ടുതന്നെ ബന്ധപ്പെടുത്തും. അതാത് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു പ്രവാസിയും ആ തസ്‍തികയിൽ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അൽ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. കമ്പനികൾക്ക് സഹെൽ ആപ്ലിക്കേഷൻ വഴി അവരവരുടെ സ്ഥാപനത്തിന് ആവശ്യമായ തസ്‍തികകളിലുള്ളവർ ഏതൊക്കെ യോഗ്യതകൾ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാൻ സാധിക്കും. ഇതിന് പുറമെ നിലവിൽ ജോലി ചെയ്യുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ചുള്ള തസ്തികകളിലേക്ക് മാറ്റാനും സാധിക്കും. യോഗ്യതയില്ലാത്ത തസ്‍തികയിൽ ജോലി ചെയ്യുന്നതിൽ നിന്ന് പ്രവാസികളെ തടയാൻ ഇതിലൂടെ കഴിയുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.