KeralaNEWS

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരീയ വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കി.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: