KeralaNEWS

സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വ്യാജപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി; പോലീസ് നടപടിയെടുത്തില്ല: കെ.കെ രമ

കോഴിക്കോട്: തന്റേതെന്ന പേരില്‍ പ്രചരിച്ച എക്സറേ വ്യാജമാണെന്ന് കെ.കെ രമ എം.എല്‍.എ. കയ്യിന്റെ ലിഗമെന്റിന് പരുക്കുണ്ട്. ഇതിന് തുടര്‍ ചികിത്സ വേണം. പരാതി സംബന്ധിച്ച് ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വ്യാജപ്രചാരണങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നേതൃത്വം നല്‍കിയെന്നും രമ പറഞ്ഞു.

നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ രമയുടെ പരുക്ക് വ്യാജമാണെന്ന രീതിയില്‍ സചിന്‍ ദേവ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു. ‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. അതില്‍ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം, തോമസുകുട്ടി വിട്ടോടാ’- കെ.കെ രമയുടെ ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

Signature-ad

സച്ചിന്‍ ദേവിനെതിരെ സൈബര്‍ പോലീസിനും സ്പീക്കര്‍ എ.എന്‍ ഷംസീറിനും രമ പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ വഴി സച്ചിന്‍ ദേവ് അപമാനിച്ചെന്നും വിവിധ സമയങ്ങളിലെ ഫോട്ടോ ചേര്‍ത്തുവെച്ച് കള്ളം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കെ.കെ രമയുടെ പരാതി. തനിക്കുണ്ടായ പരുക്കിനെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നും അതിക്രമത്തെ സച്ചിന്‍ ദേവ് വളച്ചൊടിച്ചെന്നും പരാതിയില്‍ പറഞ്ഞു.

നേരത്തെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് കെ.കെ രമ സൈബര്‍ പോലീസിനും സ്പീക്കര്‍ക്കും പരാതി നല്‍കിയത്. സി.പി.എമ്മിന്റെ സൈബര്‍ അണികളുടെ നിലവാരത്തിലാണ് എം.എല്‍.എയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സി.പി.എമ്മിന്റെ സൈബര്‍ അണികള്‍ ഇപ്പോള്‍ പിന്തുടരുന്നതെന്നും അവര്‍ പറഞ്ഞു.

 

 

 

Back to top button
error: