KeralaNEWS

സുപ്രീംകോടതിയുടെ അന്ത്യശാസനം; ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി

ആലപ്പുഴ: നിയമങ്ങൾ കാറ്റിൽപ്പറത്തി കെട്ടിയുയർത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിൻറെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി. ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ ഊരി മാറ്റിയ ശേഷമായിരുന്നു റിസോർട്ടിലെ വില്ലകൾ ഇത് വരെ പൊളിച്ചിരുന്നത്.

കൂറ്റൻയന്ത്രങ്ങൾ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോർട്ടിൻറെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്. ഇതിന് വഴിവെച്ചത് ഇന്നലെ സുപ്രീംകോടതി നൽകിയ അന്ത്യശാസനമാണ്. ഈ മാസം 28 നകം റിസോർട്ടിലെ കെട്ടിടങ്ങൾ മുഴുവൻ പൊളിക്കണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 15ന് പൊളിക്കൽ നടപടികൾ തുടങ്ങിയിരുന്നു. പക്ഷെ ഇതിനകം പൊളിച്ച് നീക്കിയത് 54 വില്ലകൾ മാത്രമാണ്. നിശ്ചയിച്ച സമയപരിധിക്കകം മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി ഇന്നലെ മുന്നറിയിപ്പ് നൽകിയത്.

ഇതോടെയാണ് കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടം ഇടിച്ചുനിരപ്പാക്കാൻ തുടങ്ങിയത്. ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ ഊരി മാറ്റിയ ശേഷമായിരുന്നു റിസോർട്ടിലെ വില്ലകൾ ഇത് വരെ പൊളിച്ചിരുന്നത്. സബ് കളക്ടർ സൂരജ് ഷാജിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകന യോഗവും ചേർന്നു. ദ്വീപിലുള്ള റിസോർട്ടായതിനാലാണ് കാലതാമസം വന്നതെന്ന ന്യായീകരണമാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്നത്.

Back to top button
error: