ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകള്‍. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രസ്സുടമകളാണ്.
പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള രണ്ടായിരത്തിനടുത്ത് പോസ്റ്ററുകളാണ് ഡല്‍ഹി പോലീസ് നീക്കം ചെയ്തത്. ഇവയില്‍ കൂടുതല്‍ പോസ്റ്ററുകളിലും ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നാണ് ഉള്ളത്. ഇത്തരത്തില്‍ 50,000 പോസ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നതായി അറസ്റ്റിലായ പ്രസ്സുടമകള്‍ അറിയിച്ചെന്ന് പോലീസ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഉള്ളടക്കമുള്ള മറ്റു രണ്ടായിരം പോസ്റ്ററുകളും പോലീസ് കണ്ടുകെട്ടി. വിവിധ സ്ഥലങ്ങളില്‍ പതിക്കാനായി ഇവ ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്കെത്തിച്ചതാണെന്നാണ് പോലീസ് ആരോപിക്കുന്നത്. പോസ്റ്ററുകള്‍ എ.എ.പി. ആസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നതായി ഒരു ഡ്രൈവറുടെ വെളിപ്പെടുത്തലുണ്ട്. സംഭവത്തില്‍ എ.എ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.